ജയിലിനുളളിലെ ലഹരിമരുന്ന് കേസ് പ്രതിയുടെ വര്‍ക്ക്ഔട്ട്‌ വീഡിയോ വൈറല്‍; ഗാര്‍ഡുമാരെ പുറത്താക്കി

ജയില്‍ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്രണ്ട് നടപടിയെടുത്തത്

ജയിലിനുളളിലെ ലഹരിമരുന്ന് കേസ് പ്രതിയുടെ വര്‍ക്ക്ഔട്ട്‌ വീഡിയോ വൈറല്‍; ഗാര്‍ഡുമാരെ പുറത്താക്കി
dot image

റായ്പൂര്‍: റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുളള ലഹരിമരുന്ന് കേസ് പ്രതിയുടെ വര്‍ക്ക്ഔട്ട്‌ വീഡിയോ വൈറല്‍. ലഹരിമരുന്ന് രാജാവെന്ന് അറിയപ്പെടുന്ന റാഷിദ് അലി ജയില്‍മുറിക്കുളളില്‍ നിന്ന് വര്‍ക്ക്ഔട്ട്‌ ചെയ്യുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊടുംഭീകരരായ രോഹിത് യാദവ്, രാഹുല്‍ വാല്‍മീകി എന്നിവര്‍ക്കൊപ്പമുളള റാഷിദ് അലിയുടെ സെല്‍ഫികളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ജയിലിലെ സുരക്ഷാവീഴ്ച്ചകളെക്കുറിച്ചുളള ചോദ്യങ്ങള്‍ ഉയരുകയും ജീവനക്കാര്‍ക്കെതിരെ ജയില്‍ അധികൃതര്‍ നടപടിയെടുക്കുകയും ചെയ്തു.

ജയില്‍ ജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൂപ്രണ്ട് നടപടിയെടുത്തത്. ഗാര്‍ഡുമാരായ ബിപിന്‍ ഖല്‍ഖോയെയും രാധേലാല്‍ ഖുണ്ടെയെയും സര്‍വീസില്‍ നിന്നും പുറത്താക്കി. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് സന്ദീപ് കശ്യപിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. വിചാരണ തടവുകാരനായ ശശാങ്ക് ചോപ്രയാണ് ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കിയതെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. ഈ മൊബൈല്‍ ഉപയോഗിച്ചാണ് റാഷിദ് അലി വര്‍ക്ക്ഔട്ട്‌ വീഡിയോകളും സെല്‍ഫികളും എടുത്തതും സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

എന്‍ഡിപിഎസ് (നാര്‍കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സസ്) ആക്ട് പ്രകാരം അറസ്റ്റിലായ റാഷിദ് അലി ജൂലൈ 11 മുതല്‍ റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. ലഹരിമരുന്ന് ശ്യംഗലയ്ക്ക് നേതൃത്വം നല്‍കിയതിനും ജയിലിനുളളില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലും പ്രതിയാണ് ഇയാള്‍. മൊബൈല്‍ ഫോണും മറ്റ് വസ്തുക്കളും ജീവനക്കാരുടെ സഹായത്തോടെയാണ് ഇയാള്‍ക്ക് ജയിലിനുളളില്‍ ലഭിച്ചതെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നേരത്തെയും സുരക്ഷാവീഴ്ച്ച സംബന്ധിച്ച വിവാദങ്ങളുണ്ടായിരുന്നു. ഗുണ്ടാ നേതാവ് അമന്‍ സോയുടെ ജയിലിനുളളില്‍ നിന്നുളള ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇയാള്‍ പിന്നീട് ജാര്‍ഖണ്ഡ് പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു.

Content Highlights: Drug Kingpin Rashid Ali's Workout video from raipur jail goes viral: guards dismissed

dot image
To advertise here,contact us
dot image