Top

'പ്രവാചക നിന്ദയിലൂടെ അവരുദ്ദേശിക്കുന്നത് പ്രകോപനമാണ്, നമ്മൾ വശംവദരാകരുത്'; പാളയം ഇമാമിന്റെ ബലിപെരുന്നാൾ സന്ദേശം

'തിൻമയെ നൻമ കൊണ്ടു തടയുക. അതാണ് വിശുദ്ധ ഖുർആൻറെ ആഹ്വാനം. അതാണ് സർഗാത്മകമായ പ്രതിരോധം.'

10 July 2022 3:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാചക നിന്ദയിലൂടെ അവരുദ്ദേശിക്കുന്നത് പ്രകോപനമാണ്, നമ്മൾ വശംവദരാകരുത്; പാളയം ഇമാമിന്റെ ബലിപെരുന്നാൾ സന്ദേശം
X

തിരുവനന്തപുരം: പ്രവാചക നിന്ദയിലൂടെ പ്രകോപനം സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അതിൽ വിശ്വാസികൾ വശംവദരാകരുതെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി. ബലിപെരുന്നാൾ ദിന സന്ദേശം നൽകവെയാണ് ഇമാമിന്റെ പ്രസ്താവന. ഉത്തരവാദിത്തപ്പെട്ടവർ നടത്തിയ പ്രവാചക നിന്ദയിലൂടെ മതസൗഹാർദം ചോദ്യം ചെയ്യപ്പെട്ടുവെന്നും ഇത് ആവർത്തിക്കാതിരിക്കാൻ സർക്കാറും നീതിപീഠങ്ങളും ജാഗ്രത പാലിക്കണമെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു.

പാളയം ഇമാമിന്റെ വാക്കുകൾ;

പ്രവാചകനിന്ദ നടത്തുന്നവർ യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് പ്രകോപനമാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനാണ്. സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനാണ് അവർ ഉദ്ദേശിക്കുന്നതെങ്കിൽ ആ പ്രകോപനത്തിന് നമ്മൾ വശംവദരാകരുത്. കാരണം പ്രവാചകനിന്ദ പോലുള്ള കാര്യങ്ങൾ സമൂഹത്തിൽ നടത്തുമ്പോൾ ആരൊക്കെ അതുചെയ്യുന്നുണ്ടോ അവരെല്ലാം ഉദ്ദേശിക്കുന്നത് ഒരു വിഭാഗം വിശ്വാസി സമൂഹത്തെ പ്രകോപിപ്പിക്കുകയും അതിലൂടെ ഭിന്നതയുണ്ടാക്കാനുമാണ്. തിൻമയെ നൻമ കൊണ്ടു തടയുക. അതാണ് വിശുദ്ധ ഖുർആൻറെ ആഹ്വാനം. അതാണ് സർഗാത്മകമായ പ്രതിരോധം. സുപ്രീംകോടതി അടക്കം ഇതിൽ ഇടപെട്ടു. ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ സർക്കാരുകളും നീതിപീഠവും ശ്രദ്ധിക്കണം. മഹാൻമാർ ഏത് മതസ്ഥർ ആയാലും ബഹുമാനിക്കപ്പെടണം.

രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകം ദുരൂഹമാണ്. അതിൻറെ നിജസ്ഥിതി വ്യക്തമാകണം. യഥാർത്ഥ കുറ്റവാളികളെ പുറത്തു കൊണ്ടുവരണം. ഇത്തരം കലാപങ്ങൾ പ്രവാചക സ്നേഹമല്ല. പ്രവാചക സ്നേഹത്തിൻറെ പേരിൽ ആരും ആരെയും കൊല ചെയ്യരുത്. രാജ്യത്ത് മുസ്‍ലിമുകൾ ഏറ്റവും പ്രതിസന്ധി നേരിടുന്ന കാലമാണ്. ഇന്ത്യയിലെ മതേതര വിശ്വാസം തികഞ്ഞ നിരാശയിലാണ്. ഗ്യാൻ വാപി മസ്ജിദ് പളളിയായും കാശി വിശ്വനാഥ് ക്ഷേത്രമായും നിലകൊള്ളണം. അപ്പോഴാണ് ബഹുസ്വരത ഉണ്ടാവുക. വിശ്വാസികൾ അനവൻറെ നാടിന് വേണ്ടി പ്രാർഥിക്കണം. നമ്മൾ ഇന്ത്യാ രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം. പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ക്ഷമകെട്ട് പ്രതികരിക്കരുത്. ക്ഷമയോടുകൂടി പ്രാർഥിക്കണം.

Story Highlights: Palayam imam eif al-adha message

Next Story

Popular Stories