Top

'ടി പി മാധവന്‍ ചേട്ടനെ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു'; ഗാന്ധിഭവനിലെ കണ്ടുമുട്ടലിനേക്കുറിച്ച് നവ്യ നായര്‍

'നിങ്ങളുടെ ഏതെങ്കിലും പരിപാടിയ്ക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം'

15 May 2022 10:42 AM GMT
ഫിൽമി റിപ്പോർട്ടർ

ടി പി മാധവന്‍ ചേട്ടനെ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു; ഗാന്ധിഭവനിലെ കണ്ടുമുട്ടലിനേക്കുറിച്ച് നവ്യ നായര്‍
X

പത്തനാപുരം ഗാന്ധിഭവനിൽ മുതിർന്ന നടൻ ടി പി മാധവനെ കണ്ടുമുട്ടിയതിനെക്കുറിച്ച് നിറകണ്ണുകളോടെ നടി നവ്യ നായർ. നിരവധി സിനിമകളിൽ തന്നോടൊപ്പം അഭിനയിച്ച വ്യക്തിയാണ് അദ്ദേഹം. ടി പി മാധവൻ നാളുകളായി ഇവിടെയാണ് താമസമെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന് നവ്യ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തനിക്ക് ഒരു അസുഖം വന്ന സംഭവവും നവ്യ വേദിയിൽ വെച്ച് ഓർത്തു. മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് ആ നിമിഷം തിരിച്ചറിഞ്ഞു എന്നും നവ്യ പറഞ്ഞു.

'ഇവിടെ വന്നപ്പോള്‍ ടി പി മാധവന്‍ ചേട്ടനെ കണ്ടു. കല്യാണരാമന്‍, ചതിക്കാത്ത ചന്തു എല്ലാം ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ച സിനിമകളാണ്. അദ്ദേഹം ഇവിടെ താമസമാക്കിയട്ട് കുറച്ച് നാളുകള്‍ മാത്രമാണായത്. ഇവിടെ ഉണ്ടായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ എന്റെ കണ്ണൊക്കെ നിറഞ്ഞു. നമ്മുടെയൊക്കെ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല എന്നു പറയുന്നത് എത്ര സത്യമാണെന്ന് തോന്നിപ്പോയി'

'ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ട വേദന വന്ന് നാക്കു കുഴയുന്നത് പോലെയും നടക്കാൻ ബുദ്ധിമുട്ടുള്ളത് പോലെയും തോന്നി. രക്തം പരിശോധിച്ചപ്പോള്‍ കൗണ്ട് വളരെ കൂടുതലാണ്. നമ്മല്‍ ഒക്കെ ഇത്രയേ ഉള്ളൂ എന്ന് കൂടെയുള്ള ആളോട് അന്ന് പറഞ്ഞിരുന്നു. എത്ര പെട്ടെന്നാണ് നമുക്ക് ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും പറ്റാതെയാകുന്നു. ആ ദിവസത്തിന് മുന്നേ ഞാൻ പല തവണ കരുതിയിരുന്നത് നമുക്ക് നല്ല ആരോഗ്യമുണ്ട്, നല്ല രീതിയിൽ വ്യായാമം ചെയ്യും എന്നൊക്കെ. ജിമ്മിൽ പോകുമ്പോൾ ഏറ്റവും അധികം വർക്ക് ഔട്ട് ചെയ്യുന്നത് ഞാനാണ്, ഡാൻസ് കളിക്കുമ്പോൾ നല്ല സ്റ്റാമിന ഉണ്ടെന്നുമൊക്കെ തോന്നിയിരുന്നു. പക്ഷേ ഒന്നുമല്ല, മനുഷ്യൻ എത്ര നിസ്സാരനാണ് എന്ന് ഒരു ചെറിയ പനി വരുമ്പോൾ മനസ്സിലാകും. കൊറോണ വന്നപ്പോൾ ഈ ലോകം മുഴുവൻ തിരിച്ചറിഞ്ഞു', നവ്യ പറഞ്ഞു.

'ഒരു പനിക്കോ അല്ലെങ്കിൽ കൊറോണയ്‌ക്കോ വെള്ളപ്പൊക്കത്തിനോ നമ്മളെക്കാൾ ശക്തമാണ് പ്രകൃതി എന്ന് കാണിച്ചു താരം സാധിക്കും. എന്നാൽ ആ വെള്ളപ്പൊക്കവും കൊറോണയും കഴിയുമ്പോൾ നമ്മൾ വീണ്ടും പഴയ ആളുകളാകും, നവ്യ പറഞ്ഞു.

ഗാന്ധിഭവനിൽ അന്തേവാസികൾക്കായി ഒരു നൃത്ത പരിപാടി അവതരിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ട് എന്നും നവ്യ അറിയിച്ചു. 'മാതാപിതാക്കളെക്കാൾ മുകളിലായി ആരെയും ഞാൻ കണക്കാക്കിയിട്ടില്ല. അങ്ങനെയിലല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛൻ- അമ്മമാർ ഉണ്ട്. തന്റേതായ കാരണത്താൽ അല്ലാതെ അനാഥരായ കുട്ടികളുണ്ട്. അവർക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് അറിയില്ല. അവർക്കായി ഒരു നൃത്തം അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഏതെങ്കിലും പരിപാടിയ്ക്ക് എന്റെ നൃത്തം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം', നവ്യ കൂട്ടിച്ചേർത്തു.

story highlights: navya nair shares the painful experience seeing tp madhavan in gandhibhavan

Next Story