Top

ഗുരുവായൂർ ക്ഷേത്രത്തിനും അംബാനിയുടെ ഒന്നരക്കോടി; 'ദേവസ്വം ആശുപത്രിക്ക് സഹായം നൽകുന്നത് പരിഗണിക്കും'

17 Sep 2022 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുരുവായൂർ ക്ഷേത്രത്തിനും അംബാനിയുടെ ഒന്നരക്കോടി; ദേവസ്വം ആശുപത്രിക്ക് സഹായം നൽകുന്നത് പരിഗണിക്കും
X

തൃശൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. മകൻ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റ്, റിലയൻസ് ഗ്രൂപ്പ് ഡയറക്ടർ മനോജ് മോദി എന്നിവർ ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അംബാനി ക്ഷേത്രത്തിലെത്തിയത്. അര മണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ചതിന് ശേഷമാണ് അംബാനി മടങ്ങിയത്.

ക്ഷേത്ര ദർശനത്തിനു വേണ്ടി മാത്രമായാണ് അംബാനി കേരളത്തിലെത്തിയത്. ദർശനത്തിന് ശേഷം ഒരു കോടി 51 ലക്ഷം രൂപയുടെ ചെക്ക് കാണിക്കയായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയന് അംബാനി കൈമാറി. ഭക്തൻ വ്യക്തിഗതമായി നൽകുന്ന ഉയർന്ന കാണിക്കാ സമർപ്പണമാണ് ഇതെന്നും അന്നദാനത്തിന് തുക ചെലവഴിക്കാനാണ് മുകേഷ് അംബാനി നിർദേശിച്ചതെന്നും ചെയർമാൻ പറഞ്ഞു.

'കുറച്ചു കാലമായി ഇവിടെ വന്നിട്ട്, ഇപ്പോൾ വരാനായി. അതിൽ അതിയായ സന്തോഷമുണ്ട്. സ്വീകരണത്തിന് നന്ദി,' ക്ഷേത്ര ദർശന വേളയിൽ മുകേഷ് അംബാനി പ്രതികരിച്ചു. ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സഹായം നൽകുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും അംബാനി പറഞ്ഞു. ഗുരുവായൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനുള്ള പദ്ധതിക്ക് സഹായം അഭ്യർഥിച്ച് ദേവസ്വം ചെയർമാൻ നൽകിയ നിവേദനത്തിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

തിരുപ്പതി സന്ദർശനത്തിനു ശേഷമായിരുന്നു അംബാനിയുടെ ഗുരുവായൂർ സന്ദർശനം. തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും മുകേഷ് അംബാനി സംഭാവന ചെയ്തു. ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും വെങ്കടേശ്വരന്റെ അനുഗ്രഹം തേടിയെന്നും അംബാനി മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രം വർഷം തോറും കൂടുതൽ മെച്ചപ്പെട്ടുവരികയാണ്. ഇതിൽ എല്ലാ ഇന്ത്യക്കാർക്കും അഭിമാനമുണ്ടെന്നും മുകേഷ് അംബാനി കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: Mukesh Ambani visits Guruvayur Temple

Next Story

Popular Stories