ശൈലജ ടീച്ചറിന്റെ വാര്‍ഡിലെ സിപിഐഎം വോട്ട് 661, കോണ്‍ഗ്രസിന് 81: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റെന്ന് വ്യാജപ്രചരണം
കെകെ ശൈലജ ടീച്ചറിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടെന്ന് വ്യാജപ്രചരണം.
22 Aug 2022 6:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മുന്‍മന്ത്രി കെകെ ശൈലജ ടീച്ചറിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടെന്ന് വ്യാജപ്രചരണം. ഇടവേലിക്കല്‍ ആണ് കെകെ ശൈലജയുടെ വാര്‍ഡ്. ഈ വാര്‍ഡില്‍ നിന്ന് 661 വോട്ടാണ് എല്‍ഡിഎഫിന്റെ കെ രജതയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ടി.വി രത്നാവതിക്ക് 81 വോട്ടും ബിജെപിയുടെ എന്‍ ഇന്ദിരയ്ക്ക് 38 വോട്ടുകളുമാണ് ലഭിച്ചത്.
ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് സോഷ്യല്‍മീഡിയയിലെ ഒരുവിഭാഗം വ്യാജപ്രചരണം നടത്തുന്നത്.
ഇടവേലിക്കലിൽ നിന്നും ജയിച്ച കെ രജത എല്‍ഡിഎഫ് പ്രകടനത്തിൽ
അതേസമയം, മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. 35 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 21ഉം യുഡിഎഫ് 14ലും വിജയിച്ചു. ബിജെപിക്ക് ഒരു വാര്‍ഡും ലഭിച്ചില്ല. ഇത് ആറാം തവണയാണ് എല്‍ഡിഎഫ് നഗരസഭ ഭരിക്കുന്നത്. ഇടതുമുന്നണിയുടെ എട്ടു വാര്‍ഡുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന്റെ ഒരു വാര്‍ഡ് ഇടതുമുന്നണിയും പിടിച്ചെടുത്തു.
കീച്ചേരി, കല്ലൂര്‍, മുണ്ടയോട്, പെരുവയല്‍ക്കരി, കായലൂര്‍, കോളാരി, പരിയാരം, അയ്യല്ലൂര്‍, ഇടവേലിക്കല്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, ദേവര്‍ക്കാട്, കാര, നെല്ലൂന്നി, മലക്കുതാഴെ, എയര്‍പോര്‍ട്ട്, ഉത്തിയൂര്‍, നാലാങ്കേരി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വിജയം നേടിയത്. മണ്ണൂര്‍, പൊറോറ, ഏളന്നൂര്‍, ആണിക്കരി, കളറോഡ്, ബേരം, പെരിഞ്ചേരി, ഇല്ലംഭാഗം, മട്ടന്നൂര്‍, ടൗണ്‍, മരുതായി, മേറ്റടി, മിനിനഗര്‍, പാലോട്ടുപള്ളി എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്.
കഴിഞ്ഞ തവണ എല്‍ഡിഎഫിന് 28 സീറ്റും യുഡിഎഫിന് ഏഴും സീറ്റുകളാണ് ഉണ്ടായിരുന്നത്.
1997ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. നിലവിലെ നഗരസഭ കൗണ്‍സിലിന്റെ കാലാവധി സെപ്തംബര്‍ 10ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ 11ന് നടക്കും.