പോസ്റ്ററില്‍ സംഭവിച്ചത് മന:പൂര്‍വമല്ലാത്ത വീഴ്ചയെന്ന് വിഎസ് ജോയ്; 'ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ഉണര്‍ത്താനുള്ളതാണ് പരിപാടി'
7 July 2022 6:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം: കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍ എംപിയുടെ പ്രഭാഷണ പരിപാടിക്കായി തയ്യാറാക്കിയ പോസ്റ്ററിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് മലപ്പുറം കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി. ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന 'തരൂര്‍ കണ്ട ഇന്ത്യ' എന്ന പ്രഭാഷണ പരിപാടിയുടെ പോസ്റ്ററാണ് വിവാദമായത്.
പോസ്റ്ററില്‍ ഹൈന്ദവ ചിഹ്നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനെതിരെ എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മതചിഹ്നങ്ങള്‍ നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി പ്രദര്‍ശിപ്പിക്കുന്നതിന്റെ ചേതോവികാരം മനസ്സിലാകുന്നില്ലെന്ന് സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
നാര്‍ക്കോട്ടിക് ജിഹാദ് വിവാദം ഉയര്‍ന്നപ്പോള്‍ ന്യൂനപക്ഷ സമുദായങ്ങള്‍ അകലാതിരിക്കാന്‍ കെ സുധാകരന്റെയും, വി ഡി സതീശന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമാണ്. തൃശൂര്‍ ഡിസിസി പ്രസിഡണ്ടായ ജോസ് വള്ളൂര്‍ പത്രസമ്മേളനം വിളിച്ച് വിവാദ പരാമര്‍ശം തള്ളാന്‍ മുന്നോട്ടു വന്നതായിരുന്നു അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. എന്നാല്‍ മലപ്പുറത്ത് നിന്ന് അനക്കമുണ്ടായിരുന്നില്ല. ലവ് ജിഹാദ്, കോടഞ്ചേരി മിശ്രവിവാഹം, മലപ്പുറത്തെ അധ്യാപകന്റെ പീഡനത്തിലെ സ്കൂളിന്റെ അലംഭാവം ഇവയിലൊന്നും നിലപാടില്ലാത്ത മലപ്പുറം ഡിസിസി ശശി തരൂരിന്റെ പോസ്റ്ററിനെ വികൃതമാക്കുന്നത് ലജ്ജാകരമാണെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഈ വിമര്‍ശനങ്ങളോടാണ് മലപ്പുറം ഡിസിസി അദ്ധ്യക്ഷന്‍ അഡ്വ. വിഎസ് ജോയ് പ്രതികരിച്ചത്. പോസ്റ്റര്‍ വിവാദത്തില്‍ സംഭവിച്ചത് മന:പൂര്‍വമല്ലാത്ത വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. 'മാധ്യമ'ത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പരിപാടിക്കായി തയ്യാറാക്കിയ പല പോസ്റ്ററുകളില്‍ ഒന്നുമാത്രമാണിത്. ചുമര്‍ചിത്രം പോസ്റ്ററില്‍ ഉപയോഗിച്ചതാണ് വിവാദത്തിനിടയാക്കിയത്. ആരെയും വേദനിപ്പിക്കാനുദ്ദേശിച്ചിരുന്നില്ല. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ഉണര്ത്താനുദ്ദേശിച്ചിട്ടുള്ളതാണ് പ്രഭാഷണ പരിപാടിയെന്നും ജോയ് പറഞ്ഞു.
Story Highlights: MALAPPURAM DCC PRESIDENT VS JOY RESPONSE ABOUT POSTER CONTROVERSY