Top

'പാശ്ചാത്യ ലോകത്തെ മുസ്‌ലിംകളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകും'; സല്‍മാന്‍ റുഷ്ദിക്കെതിരായ വധശ്രമം ശക്തമായി അപലപിക്കപ്പെടണമെന്ന് എം ലുഖ്മാന്‍

"ഈ സംഭവത്തെ വെച്ച് മതം തന്നെ, വിശേഷിച്ചും അപകടകരമാണ് എന്ന ചാപ്പ കുത്തലുകളിലേക്ക് വേഗത്തില്‍ തീര്‍പ്പുകള്‍ നിശ്ചയിക്കുന്നവരെ ധാരാളമായി കാണുന്നുണ്ട്. അതും കേരളത്തില്‍."

13 Aug 2022 4:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാശ്ചാത്യ ലോകത്തെ മുസ്‌ലിംകളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാകും; സല്‍മാന്‍ റുഷ്ദിക്കെതിരായ വധശ്രമം ശക്തമായി അപലപിക്കപ്പെടണമെന്ന് എം ലുഖ്മാന്‍
X

കോഴിക്കോട്: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് നേരെയുണ്ടായ വധശ്രമം ശക്തമായി അപലപിക്കപ്പെടണമെന്ന് എം ലുഖ്മാന്‍ സഖാഫി. എഴുത്തുകാരന്‍ ക്രൂരമായ ആക്രമിക്കപ്പെട്ടത് പാശ്ചാത്യ ലോകത്ത് ജീവിക്കുന്ന മുസ്‌ലിംകളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൊണ്ടുപോകുമെന്ന് തീര്‍ച്ചയാണെന്ന് ഇസ്‌റ അക്കാദമിക് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയാണ് സാമൂഹിക നിരീക്ഷകനായ എം ലുഖ്മാന്റെ പ്രതികരണം.

'റുഷ്ദിയുടെ ആദ്യകാല കഥാപാത്രങ്ങളില്‍ ചിലവ, നിഷ്‌കളങ്കമല്ലെന്നു ദ്യോതിപ്പിക്കുന്ന നിലയില്‍ തന്നെ മുസ്‌ലിം വിരുദ്ധത ഉല്‍പാദിപ്പിക്കുന്ന തരത്തിലേക്ക് പലയിടത്തും പോയിട്ടുണ്ട്. അതിനോടുള്ള വിമര്‍ശനം വരേണ്ടത് ആക്രമണം കൊണ്ടല്ല, കൊലചെയ്യാനുള്ള ആഹ്വാനം കൊണ്ടുമല്ല. പ്രവാചക ജീവിതത്തെ, പാഠങ്ങളെ കൂടുതല്‍ സര്‍ഗാത്മകമായി അവതരിപ്പിച്ചാണ്. പ്രവാചക ജീവിതത്തിലെ തന്നെ പല പാഠങ്ങളും വിശ്വാസികളെ അങ്ങനെ പഠിപ്പിക്കുന്നുമുണ്ട്. അങ്ങനെ തന്നെയാണ്, മുസ്‌ലിം സമുദായം പൊതുവെ സ്വീകരിച്ച നിലപാടും,' സാത്താനിക് വേഴ്‌സസിലെ പരാമര്‍ശങ്ങള്‍ക്ക് റുഷ്ദി തന്നെ പിന്നീട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ലുഖ്മാന്‍ പറഞ്ഞു.

'ഭാഷ കൊണ്ട് അനുഗ്രഹീതനായ എഴുത്തുകാരനാണ് റുഷ്ദിയെന്നു വായിച്ചപ്പോള്‍ പലപ്പോഴും തോന്നിയിട്ടുണ്ട്. റുഷ്ദി അദ്ദേഹത്തിന്റെ മുസ്‌ലിംകളുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള ഭാവനകളെ അടയാളപ്പെടുത്താന്‍ ശ്രമിച്ച സങ്കേതങ്ങളിലൂടെ തന്നെയേ, നിശ്ചയമായും ഇസ്‌ലാം അവതരണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ആ അര്‍ത്ഥത്തില്‍, റുഷ്ദിയില്‍ നിന്ന് നേരെ ഭിന്നമായ ഒരു മുസ്‌ലിം അടയാളപ്പെടുത്തലാണ് ഈ വര്‍ഷത്തെ നോബല്‍ സമ്മാന ജേതാവ് അബ്ദു റസാഖ് ഗുര്‍ണ അവതരിപ്പിച്ചത് എന്ന് തോന്നിയിട്ടുണ്ട്,'

പടിഞ്ഞാറെ മുസ്ലീംകളെ കൂടുതല്‍ സംശയത്തോടെ നോക്കുന്ന തരത്തിലേക്ക്, ഈ സംഭവം മാറും എന്നുറപ്പാണെന്നും എം ലുഖ്മാന്‍ പ്രതികരിച്ചു. 'ഈ സംഭവത്തെ വെച്ച് മതം തന്നെ, വിശേഷിച്ചും അപകടകരമാണ് എന്ന ചാപ്പ കുത്തലുകളിലേക്ക് വേഗത്തില്‍ തീര്‍പ്പുകള്‍ നിശ്ചയിക്കുന്നവരെ ധാരാളമായി കാണുന്നുണ്ട്. അതും കേരളത്തില്‍. ഏഴാം നൂറ്റാണ്ടു മുതല്‍ ഇസ്‌ലാം അതിന്റെ സമാധാന ഭാവങ്ങളെയെല്ലാം പ്രകടിപ്പിക്കുന്ന തരത്തില്‍ വളര്‍ന്നുവന്ന, മതജീവിതത്തിന്റെ എല്ലാ സൗകുമാര്യതകളും സാമൂഹിക ജീവിത വിശേഷങ്ങളും അനുഭവിച്ച ഈ ഭൂമികയില്‍ നിന്ന് തന്നെ അതുപറയുന്നതിലെ താല്പര്യങ്ങളും വ്യക്തമാണല്ലോ. റുഷ്ദിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനാകട്ടെ,' ആക്രമണത്തെ ഉറക്കെ അപലപിക്കുകയാണെന്നും ലുഖ്മാന്‍ സഖാഫി കരുവാരക്കുണ്ട് ആവര്‍ത്തിച്ചു.

Story Highlights: m luqman sakhafi condemns attack against salman rushdie

Next Story