Top

'ജോയ് മാത്യുവും ഹരീഷ് പേരടിയെയും ആരെയാണ് സുഖിപ്പിക്കുന്നത്?' കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് കെടി കുഞ്ഞിക്കണ്ണന്‍

''കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടായി എന്നത് അവര്‍ക്ക് സഹിക്കാവുന്നതല്ലല്ലോ.''

12 Jun 2022 11:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോയ് മാത്യുവും ഹരീഷ് പേരടിയെയും ആരെയാണ് സുഖിപ്പിക്കുന്നത്? കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് കെടി കുഞ്ഞിക്കണ്ണന്‍
X

ഇടതുപക്ഷ വിരോധികളുടെ അസംബന്ധ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് രോഷ പോസ്റ്റുകളിടുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയെയും പോലുള്ള സുഹൃത്തുക്കള്‍ ആരെയാണ് സുഖിപ്പിക്കുന്നതെന്ന് കെടി കുഞ്ഞിക്കണ്ണന്‍. ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര്‍ ഇന്നത്തെ സാഹചര്യത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് സമാധാനിക്കാനാവുമെന്ന് തോന്നുന്നില്ലെന്നും കെടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. വളരെ ആസൂത്രിതമായി കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെടി കുഞ്ഞിക്കണ്ണന്‍ ചൂണ്ടിക്കാണിച്ചു.

കെടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞത്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരെ വിലക്കെന്നുള്ള മനോരമ ചാനലടക്കമുള്ള ഇടതുപക്ഷ വിരോധം പതപ്പിക്കുന്നവരുടെ അസംബന്ധ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് രോഷ പോസ്റ്റുകളിടുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയെയും പോലുള്ള സുഹൃത്തുക്കള്‍ ആരെയാണ് സുഖിപ്പിക്കുന്നത്? ആരുടെ രാഷ്ട്രീയ അജണ്ടയിലാണ് ധാര്‍മ്മിക രോഷം കൊള്ളുന്നത്? വ്യാജോക്തികളിലും അന്തസാരശൂന്യമായ പരിഹാസങ്ങളിലും ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര്‍ ഇന്നത്തെ സാഹചര്യത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് സമാധാനിക്കാനാവുമെന്ന് തോന്നുന്നില്ല.

ഒരു രാജ്യമാകെ സംഘപരിവാറും അവരുടെ ഭരണകൂടവും പ്രതിഷേധിക്കുന്നവരെ വെടി കൊല്ലുന്ന നാളുകളിലാണ് കേരള സര്‍ക്കാറിനെതിരെ വ്യാജനിര്‍മ്മിതികള്‍ വലതുപക്ഷവും മാധ്യമങ്ങളും ചേര്‍ന്ന് തിളപ്പിച്ചെടുക്കുന്നതെന്ന് ഓര്‍മ്മിക്കണം. നാഗ്പൂരിലെ ആര്‍ എസ് എസ് ചിന്താ സംഭരണികളുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഡാലോചനയിലാണ് കേരളവും പിണറായി വിജയന്‍ സര്‍ക്കാറും ടാര്‍ജറ്റ് ചെയ്യപ്പെടുന്നതെന്ന് ഈ സുഹൃത്തുക്കള്‍ മനസിലാക്കുന്നില്ലല്ലോ എന്ന് ഖേദിക്കാനല്ലേ പറ്റൂ.

ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ തകര്‍ച്ചയില്‍ സന്തോഷം പങ്കിട്ടു കൊണ്ടു് പ്രധാനമന്ത്രി മോഡി അന്ന് പറഞ്ഞത് തങ്ങളുടെ പ്രത്യയശാസ്ത്ര ലക്ഷ്യം കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ കൂടി തകര്‍ച്ചയിലൂടെയേ പൂര്‍ണതയിലെത്തൂവെന്നാണ്. ത്രിപുരയിലെ അട്ടിമറിയുടെ ആസൂത്രകനും കാര്‍മ്മികനുമായി നാഗ്പൂര്‍ നിയോഗിച്ച രാംമാധവ് ഇന്ത്യന്‍ എക്‌സപ്രസിലെഴുതിയ ലേഖനത്തില്‍ കേരളമാണ് അടുത്ത ലക്ഷ്യമെന്നും തുറന്ന് പ്രഖ്യാപിച്ചു.

അവരുടെയെല്ലാം കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി കൊണ്ട് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടായി എന്നത് അവര്‍ക്ക് സഹിക്കാവുന്നതല്ലല്ലോ.. ഇലക്ഷന്‍ എഞ്ചിനിയറിംഗിന്റ ഭാഗമായി കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിട്ടിട്ടും സ്വര്‍ണക്കടത്ത് അടക്കമുള്ള ദുരാരോപണങ്ങള്‍ മാധ്യമസഹായത്തോടെ ഇടതുപക്ഷത്തിനെതിരായി പ്രചണ്ഢമായ പ്രചാരവേലകളായി അഴിച്ചുവിട്ടിട്ടും കേരള ജനത ഇടതുപക്ഷത്തോടൊപ്പം നിന്നു.

2016 ലേക്കാള്‍ സീറ്റും വോട്ടും നല്‍കി ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ചനല്‍കി. ബി ജെ പിയും ഒക്കച്ചങ്ങായികൂട്ടങ്ങളും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നുണപ്രചരണങ്ങള്‍ ആവര്‍ത്തിച്ചിട്ടും തുര്‍ച്ചയായി പിണറായിക്കെതിരെ ക്ഷുദ്ര വികാരങ്ങള്‍ ഉണര്‍ത്ത വിട്ടിട്ടും കേരള മനസില്‍ നിന്നും ഇടതുപക്ഷത്തെ മായ്ക്കാനോ മാറ്റാനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ പി സി ജോര്‍ജിനെയും കൃഷ്ണ രാജിനെയും പോലുള്ള വിദ്വേഷപ്രചാരകരും ആര്‍ എസ് എസിന്റെ എന്‍ജിഒവും സ്വര്‍ണ്ണക്കടത്തുകാരിയെ മുന്നില്‍ നിര്‍ത്തി നടത്തുന്ന പുതിയ മൊഴിനാടകങ്ങളെ മുന്‍നിര്‍ത്തിയാണ് തെരുവില്‍ കളി തുടങ്ങിയിരിക്കുന്നത്.

വളരെ ആസൂത്രിതമായി കേരളത്തിന്റെ ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കങ്ങളാണിത്. മുഖ്യമന്ത്രിയുടെ സുരക്ഷക്ക് വരെ ഭീഷണിയുയര്‍ത്തി ബിരിയാണിചെമ്പുമേന്തി കലാപം സൃഷ്ടിക്കാമോയെന്ന വില കുറഞ്ഞ വലതുപക്ഷരാഷ്ട്രീയക്കളിയാണ് ഇതെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും നഷ്ടപ്പെട്ടു പോകുന്നത് കഷ്ടമാണെന്നേ പറയാനുള്ളൂ.


Next Story