'ഇരന്നുവാങ്ങിയതാണ് പോലും.. ആര്‍ത്തലച്ചു കരയുന്ന ഈ പിതാവിനോടാണ്'; സുധാകരന്റെ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്‌ഐ
''സുധാകരന്‍ ഒരു കാര്യം സമ്മതിക്കുന്നുണ്ട്, 'കൊന്നത് തന്റെ കുട്ടികള്‍ തന്നെയാണെന്ന്'
12 Jan 2022 3:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം ഇരന്നുവാങ്ങിയതാണെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്‌ഐ. ഇത്തരം നിന്ദ്യമായ പ്രതികരണം സുധാകരനില്‍ നിന്നല്ലാതെ മറ്റൊരാളില്‍ നിന്നും കേരളത്തില്‍ കേള്‍ക്കാന്‍ കഴിയില്ല. തകര്‍ന്നു പോയ ഒരു കുടുംബത്തെ നോക്കിയാണ് സുധാകരന്‍ ഈ വിവരക്കേട് പറഞ്ഞതെന്നും എഎ റഹീം പറഞ്ഞു. കൊന്നും കൊലവിളിച്ചും നുണ പറഞ്ഞുമുള്ള സുധാകരനിസം കോണ്‍ഗ്രസില്‍ തുടരട്ടെയെന്നും അതെല്ലാം നാട് കാണുന്നുണ്ടെന്നും റഹീം പറഞ്ഞു.
എഎ റഹീം പറഞ്ഞത്: എന്തിനായിരുന്നു അവരെന്റെ കുഞ്ഞിനെ കൊന്നത്.?? അവന്‍ പാവമായിരുന്നു. സ്‌നേഹിക്കാന്‍ മാത്രമറിയുന്നവന്‍. ഹൃദയം നുറുങ്ങുന്ന വേദനയോടെ ധീരജിന്റെ അച്ഛന്‍ വിങ്ങിപ്പൊട്ടുമ്പോള്‍, കെ സുധാകരന്റെ നീചമായ പ്രതികരണം ടെലിവിഷനുകളില്‍ നിറയുകയായിരുന്നു.
'ഇരന്നുവാങ്ങിയതാണ് ഈ രക്തസാക്ഷിത്വം' ഒരൊറ്റ വാചകത്തില്‍ ഇന്നലെവരെ പറഞ്ഞത് റദ്ദാക്കി,ഈ സ്റ്റേറ്റ്‌മെന്റില്‍ കുമ്പക്കുടി സുധാകരന്‍ ഒരു കാര്യംസമ്മതിക്കുന്നുണ്ട്, 'കൊന്നത് തന്റെ കുട്ടികള്‍ തന്നെയാണെന്ന്.' അത് ഇരന്നു വാങ്ങിയതാണെന്നാണ് സുധാകരന്റെ നെറികെട്ട വീരസ്യം.
ഇതിന് സമാനമായ നിന്ദ്യമായ പ്രതികരണം സുധാകരനില്‍ നിന്നല്ലാതെ മറ്റൊരാളില്‍ നിന്നും കേരളത്തില്‍ കേള്‍ക്കാന്‍ കഴിയില്ല. അധമമായ അലര്‍ച്ചയാണ് സുധാകരന്റേത്. മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യരൂപം. ഇരന്നുവാങ്ങിയതാണ് പോലും....ആര്‍ത്തലച്ചു കരയുന്ന ഈ പിതാവിനോടാണ്,തകര്‍ന്നു പോയ ഒരു കുടുംബത്തെ നോക്കിയാണ് സുധാകരന്‍ ഈ വിവരക്കേട് പറഞ്ഞത്. ഒരാളും കൊലചെയ്യപ്പെടാന്‍ പാടില്ല.
ചോര ഒഴുക്കിയുംകൊലവിളിച്ചും സുധാകരനും കോണ്‍ഗ്രസ്സും പണിയാന്‍ പോകുന്ന സാമ്രാജ്യം ഏതാണ്. തകരുന്ന കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ അന്ത്യകൂദാശ നല്‍കാനുള്ള നിയോഗമാണ് സുധാകരന്. കൊന്നും,കൊലവിളിച്ചും, നുണ പറഞ്ഞും, സുധാകരനിസം കോണ്‍ഗ്രസ്സില്‍ തുടരട്ടെ....നാട് കാണുന്നുണ്ട്, കോണ്‍ഗ്രസ്സ് കൊലവെറി.
കോണ്‍ഗ്രസ്സ് കൂടുതല്‍ ഒറ്റപ്പെടുകയേ ഉള്ളു.ഉറപ്പ്. ഇന്നലെ അര്‍ദ്ധരാത്രിയിലും ഒഴുകിയെത്തിയ നാട് ആ കുഞ്ഞിന് അന്ത്യാഭിവാദ്യം നല്‍കി. നിറമിഴികളോടെ രോഷത്തോടെ യാത്രയാക്കുമ്പോള്‍,ആ ജനരോഷത്തെ സുധാകരന്റെ ഈ അധമ ശബ്ദം കൊണ്ട് കോണ്‍ഗ്രസ്സിന് അതിജീവിക്കാനാകില്ല.
ധീരജിന്റെ കുടുംബം അനാഥമാകില്ല. ചേര്‍ത്തു നിര്‍ത്തും അവന്റെ പ്രസ്ഥാനം. കരള്‍ പിളരും നിമിഷങ്ങളായിരുന്നു ധീരജിന്റെ അന്ത്യയാത്രയിലും അവനില്ലാത്ത അവന്റെ വീട്ടിലും ഞങ്ങള്‍ അനുഭവിച്ചത്. പഠിച്ചും പാടിയും കടന്നുപോയ വഴിയില്‍ ഖദറിട്ട കൊലയാളികള്‍ അവന്റെ ജീവനെടുത്തിരിക്കുന്നു. രക്തദാഹം തീരാത്തവര്‍,രക്തംപുരണ്ട നാവുമായി വീണ്ടുംവീണ്ടും വിഷം ചീറ്റുന്നു.
ഇതിലൊക്കെ തളരുമെന്നും എസ്എഫ്ഐയും ഡിവൈഎഫ്‌ഐയും തകര്‍ന്നുപോകുമെന്നും കരുതുന്ന നേരം വെളുക്കാത്ത വിഡ്ഢി കൂടിയാണ് സുധാകരന്‍. ഇന്നലെ വഴികളില്‍ ധീരനാം ധീരജിന് വിടപറഞ്ഞപ്പോള്‍ അവന്റെ കൂട്ടുകാര്‍ തൊണ്ടയിടറി വിളിച്ചതുപോലെ, 'ഒരു പൂവിറുത്താല്‍ വസന്തമില്ലാതാകില്ല' ധീരജിന്റെ ഓര്‍മ്മകള്‍ കോണ്‍ഗ്രസ്സിനെ എന്നും എക്കാലവും വേട്ടയാടും.
ഈ കുരുന്നിന്റെ ചോരപുരണ്ട കത്തിയും, ചോര ദാഹിക്കുന്ന നിങ്ങളുടെ നാവും സ്വാഭാവിക രാഷ്ട്രീയ മൃത്യുവിലേയ്ക്ക് കോണ്‍ഗ്രസ്സിന് വേഗത കൂട്ടും..