'വളരെ തിരക്കേറിയ നടനായി മാറുന്ന കാലത്ത് കൂടുതല്‍ ആലോചിക്കും'; അഭിനയം വിടില്ലെന്ന് ബിനീഷ് കോടിയേരി
അഭിഭാഷക ജോലിക്കൊപ്പം അഭിനയം തുടരുന്നതില്‍ തടസ്സമില്ല
5 Dec 2021 12:46 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഭിഭാഷക ജോലിക്കൊപ്പം സിനിമാ അഭിനയവും മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിനീഷ് കോടിയേരി. അഭിനയം തന്റെ പാഷനാണ്, അഭിഭാഷകനാകുന്നത് അഭിനയത്തിന് യാതൊരു തടസവും ഉണ്ടാക്കില്ലെന്നും ബിനീഷ് വിശദീകരിച്ചു.
'അഭിനയം ഒരു പാഷനാണ്. ഇതിന്റെ കൂടെ കൊണ്ട് പോകും. വളരെ തിരക്കേറിയ നടനായി മാറുന്ന കാലത്ത് സിനിമ സീരിയസായി ആലോചിക്കും. എന്നെ അറിയാവുന്ന സംവിധായകനും നിര്‍മ്മാതാക്കളും സുഹൃത്തുക്കളുമാണ് സിനിമയിലേക്ക് വിളിക്കുന്നത്. അഭിഭാഷക ജോലിക്കൊപ്പം അഭിനയം തുടരുന്നതില്‍ തടസ്സമില്ല.' ബിനീഷ് കോടിയേരി പറഞ്ഞു.
2006 ല്‍ എന്റോള്‍ ചെയ്തശേഷം ദുബൈയില്‍ നിന്നും ജോലി ഓഫര്‍ വന്നതോടെയാണ് അങ്ങോട്ടേക്ക് പോയത്. രണ്ടരവര്‍ഷം മുമ്പ് തന്നെ അഭിഭാഷകനായി തുടരുകയെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് കൊറോണയും കേസും വന്നുവെന്നും വിനീഷ് കൂട്ടിചേര്‍ത്തു.
പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന് നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് പുതിയ തുടക്കത്തിനൊരുങ്ങുന്നത്. എറണാകുളം ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്സിസിഎ കോംപ്ലക്സിലാണ് ഓഫീസ്. കെട്ടിടത്തിന്റെ 651ാം നമ്പര്‍ മുറി ഓഫീസിനായി തയ്യാറായിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് ഉപാധികളോടെയാണ് ഒക്ടോബര്‍ 28ന് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു ജാമ്യം ലഭിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ രണ്ടുദിവസം കൂടി ജയിലില്‍ തുടരേണ്ടി വന്നിരുന്നു. ജാമ്യത്തിനായി ആദ്യം കണ്ടെത്തിയ രണ്ട് പേര് അവസാനനിമിഷം പിന്മാറിയതോടെയാണ് ബിനീഷിന്റെ ജയില്‍മോചനം രണ്ടുദിവസം കൂടി നീണ്ടത്.
- TAGS:
- Bineesh Kodiyeri