ദിലീപിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിനം; ബാലചന്ദ്രകുമാറിനെ വിളിപ്പിക്കില്ല
സംവിധായകന് ബാലചന്ദ്രകുമാറിനെ ഇന്ന് ക്രൈംബ്രാഞ്ച് വിളിപ്പിക്കുമെന്ന് എസ്.പി മോഹനചന്ദ്രന് പറഞ്ഞിരുന്നു
25 Jan 2022 2:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുഖ്യപ്രതി ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക്. ഞായറാഴ്ച്ച തുടങ്ങിയ ചോദ്യം ചെയ്യലിന്റെ അവസാനദിനമാണിന്ന്. രാവിലെ 9 ന് തുടങ്ങുന്ന ചോദ്യം ചെയ്യല്‍ രാത്രി 8 ന് അവസാനിപ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 11 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ചോദ്യം ചെയ്യലിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ചയാണ് സമര്‍പ്പിക്കുക. റിപ്പബ്ലിക് ദിനമായതിനാല്‍ നാളെ ഹൈക്കോടതി അവധിയാണ്.
കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിനെ ഇന്ന് ക്രൈംബ്രാഞ്ച് വിളിപ്പിക്കുമെന്ന് എസ്.പി മോഹനചന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ബാലചന്ദ്രനെ വിളിപ്പിക്കേണ്ട ആവശ്യമില്ല. നാളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നാണ് എസ്.പി ഒടുവില്‍ അറിയിച്ചത്. അതേസമയം കഴിഞ്ഞ ദിവസം തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയെക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. ദിലീപ് നായകമായി അഭിനയിക്കുന്ന ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ തന്നെയാണ് തന്നെ അറിയിച്ചതെന്ന് റാഫി മൊഴി നല്കി. സിനിമയില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്ന് ദിലീപും താനാണ് സിനിമയില്‍ നിന്നും ആദ്യം പിന്മാറിയതെന്ന് ബാലചന്ദ്രകുമാറും പറഞ്ഞ സാഹചര്യത്തില്‍ റാഫിയുടെ മൊഴി നിര്‍ണായകമാവും. പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയ ഡിജിറ്റല്‍ തെളിവില്‍ റാഫിയുടെ ശബ്ദവും പതിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം റാഫിയെ വിളിച്ചുവരുത്തിയത്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ദിലീപിനെതിരെ കൂടുതല്‍ ആളുകള്‍ തെളിവുകളുമായി രംഗത്ത് വരുമെന്ന് പള്‍സര്‍ സുനി പറഞ്ഞതായി അമ്മ ശോഭന മാധ്യമങ്ങളോട് പറഞ്ഞു. സുനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. തനിക്ക് അറിയാവുന്നതും മകന് പറഞ്ഞതുമായ എല്ലാ കാര്യങ്ങളും കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംവിധായകന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്ന് സുനി പറഞ്ഞതായും അമ്മ വ്യക്തമാക്കി.