
മേപ്പാടി: കൺമുന്നിൽ വീടും ആകെയുണ്ടായിരുന്ന വരുമാന മാർഗമായ ഓട്ടോയും ഉരുളെടുത്ത് പോയത് കണ്ടുനിന്ന സിറാജുദ്ദീനും കുടുംബവും അതിന്റെ ഞെട്ടലിൽ നിന്ന് മോചിതരായിട്ടില്ല, ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലും ഇനിയെന്തെന്ന് അറിയാതെ നെടുവീർപ്പിടുകയാണ് ഈ കുടുംബം.
സംഭവദിവസം രാത്രി നല്ലമഴയായിരുന്നതുകൊണ്ടുതന്നെ ഉറങ്ങിയിരുന്നില്ലെന്നാണ് സിറാജുദ്ദീൻ പറയുന്നത്. ബും ബും എന്ന ശബ്ദം വീടിന് പുറത്തുനിന്ന് കേട്ടു, ആദ്യം ലോറിയാണെന്ന് കരുതിയെങ്കിലും മഞ്ഞളിന്റെ മണവും വീട് ജെർക്ക് ചെയ്യാനും തുടങ്ങിയതോടെ പന്തികേടുണ്ടെന്ന് തോന്നിയ സിറാജും കുടുംബവും ഏറെ പണിപ്പെട്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങി. വൈകാതെ അവരുടെ മുന്നിലൂടെ നിമിഷങ്ങൾക്ക് മുമ്പുവരെ അവർ കഴിഞ്ഞ വീട് ഒലിച്ചുപോയി.
മക്കളെ ഉണർത്തി എഴുന്നേറ്റ് നോക്കിയപ്പോൾ ജനലിന് അകത്തേക്ക് ചളി അടിച്ച് കയറുന്നുണ്ടായിരുന്നു. ചുമരിന്റെ പകുതിയോളം വെള്ളം നിറഞ്ഞു. ഭാര്യയുടെ നെഞ്ച് വരെ വെള്ളം ഉയർന്നിരുന്നു. സഹോദരങ്ങളെയെല്ലാം കൂട്ടി മക്കളെയും വാരിപ്പിടിച്ച് ഒരുവിധം വീട്ടിൽ നിന്ന് ഇറങ്ങി കുറച്ച് മുകളിലുള്ള ഭാഗത്ത് കയറി നിന്നു. മഴവെള്ളമിറങ്ങുമെന്ന് കരുതിയെങ്കിലും രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും ശമനമുണ്ടായില്ല. പിന്നെയും ബൂം ശബ്ദം കേട്ടതോടെ ഭയന്ന് മലയിലേക്ക് കയറി, തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടതാകട്ടെ വീട് ഒലിച്ചുപോകുന്ന കാഴ്ചയാണെന്നും സിറാജ് പറഞ്ഞു.
പച്ചമഞ്ഞൾ ഉരച്ച മണമെടുത്തുവെന്നാണ് സിറാജിന്റെ ഭാര്യ പറയുന്നത്. പുത്തുമല ദുരന്തത്തിന്റെ അനുഭവങ്ങൾ കേട്ടിട്ടുള്ള ഇവർക്ക്, അന്ന് സമാനമായ മണമുണ്ടായിരുന്നുവെന്ന് അനുഭവസ്ഥർ പറഞ്ഞത് ഓർമ്മ വന്നു. മരങ്ങൾ കൂട്ടിയുരച്ചുള്ള മണമാണിതത്രേ. ബൂ എന്ന ശബ്ദവും വീട് ജെർക്ക് ചെയ്യലുമായതോടെയാണ് പ്രശ്നമാണെന്ന് ഉറപ്പിച്ചത്. വീടിന്റെ പിറകുവശം ചായത്തോട്ടമാണ്. അങ്ങോട്ട് കയറാൻ വഴിപോലുമുണ്ടായിരുന്നില്ല. കുനിഞ്ഞ് നിന്ന് മണ്ണ് മാന്തിയാണ് മല കയറിയത്. കുന്ന് കയറുമ്പോൾ ഡോ ഡോ എന്ന ശബ്ദം പുറകിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നുവെന്നും സിറാജിന്റെ ഭാര്യ പറഞ്ഞു. 'മരിച്ചു എന്ന് തന്നെയാണ് കരുതിയത്. ആയുസ്സുള്ളോണ്ടാവും ബാക്കിയായത്' എന്നും അവർ നെടുവീർപ്പിട്ടു. വീടുണ്ടായിരുന്നിടത്ത് ഇന്നലെ പോയി നോക്കിയിരുന്നുവെന്നും പക്ഷേ ചതഞ്ഞരഞ്ഞ് കിടക്കുന്ന ഓട്ടോ മാത്രമാണ് അവിടെ ബാക്കിയായിരിക്കുന്നതെന്നുമാണ് സിറാജുദ്ദീൻ പറയുന്നത്.