
കൽപറ്റ: മക്കളെയും കൂട്ടി ദുരന്തമുഖത്തുനിന്ന് ഇറങ്ങിയോടതിന്റെ ഞെട്ടലിനിയും മാറിയിട്ടില്ല ആ വീട്ടമ്മയ്ക്ക്. മുമ്പിൽ മുഴുവൻ ശൂന്യതയാണ്, ആരൊക്കെയാണ് അകപ്പെട്ടതെന്നൊന്നും അറിയില്ല. ആദ്യത്തെ ഉരുൾപൊട്ടലിലാണ് തങ്ങൾ പെട്ടത്. അപ്പോൾ തന്നെ രക്ഷപ്പെട്ടോടുകയായിരുന്നെന്നും അവർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
'ആദ്യത്തെ ഉരുൾപൊട്ടലിൽ മോനാണ് പെട്ടുപോയത്. അവനെയും വലിച്ചെടുത്ത് ഞങ്ങൾ വേഗം കേറി. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ മക്കളും ഞാനുമൊക്കെ പോയിട്ടുണ്ടാകും. ഞങ്ങൾ അഞ്ച് പേരുണ്ടായിരുന്നു. അയൽവാസികളെയൊക്കെ നോക്കി, മുന്നിലേ ആരേം കാണുന്നില്ലായിരുന്നു. എവിടെപ്പോയോ ഒന്നുമറിയില്ല. ഞങ്ങൾ മുകൾഭാഗത്താണ്. താഴേഭാഗമാണ് മുഴുവനും പോയത്. മേലെ പറമ്പിലേക്ക് കയറി അപ്പുറത്തെ ഭാഗത്തേക്കെത്തിയതുകൊണ്ട് രക്ഷപ്പെട്ടു. രണ്ടാമത്തെ പൊട്ടലിനാണ് ഞങ്ങളുടെ വീടൊക്കെ പോയത്. എല്ലാം പോയി, ഒന്നുമില്ല ഇപ്പോ അവിടെ'. വീട്ടമ്മ റിപ്പോർട്ടറിനോട് പറഞ്ഞു.