വാരാന്ത്യ തിരക്ക്; വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനുകളിൽ ജനറൽ കോച്ച് അധികമായി അനുവദിച്ച് റെയിൽവെ

വാരാന്ത്യ തിരക്ക് കണക്കിലെടുത്താണ് തീരുമാനം

dot image

തിരുവനന്തപുരം: വടക്കൻ ജില്ലകളിലേക്കുള്ള ട്രെയിനുകളിൽ അധിക ജനറൽ കോച്ചുകൾ അനുവദിച്ചു. മംഗലാപുരം വരെ പോകുന്ന മൂന്ന് ട്രയിനുകൾക്ക് ജനറൽ കോച്ചുകളും ഒരു ട്രെയിനിന് സെക്കൻഡ് സിറ്റിംഗ് കോച്ചുമാണ് റെയിൽവെ അധികമായി അനുവദിച്ചത്. മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതം റിപ്പോർട്ടർ പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി.

മംഗലാപുരം തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്, മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ്, മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ആണ് ഓരോ ജനറൽ കോച്ച് അധികമായി അനുവദിച്ചത്. കൂടാതെ തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലും ഒരു സെക്കൻഡ് സിറ്റിംഗ് കോച്ച് അധികം അനുവദിച്ചിട്ടുണ്ട്. മംഗലാപുരം വരെയുള്ള യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്.

മത്സര പരീക്ഷകൾക്കും മറ്റും തിക്കിത്തിരക്കി യാത്ര ചെയ്യേണ്ടിവരുന്ന ഉദ്യോഗാർത്ഥികളുടെ ട്രയിനുകളിലെ കഷ്ടപ്പാടും ദുരിതവും നിരവധിയാണ്. റിപ്പോർട്ടർ ലൈവത്തോണിലൂടെ മലബാർ മേഖലയിലെ ട്രയിൻ യാത്രക്കാരുടെ ദുരിതം സജീവ ചർച്ചയാക്കി. പിന്നാലെ സംസ്ഥാന സർക്കാരും റെയിൽവെയും ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ ഓരോ ജനറൽ കോച്ച് അധികമായി അനുവദിക്കാൻ തീരുമാനമായത്.

dot image
To advertise here,contact us
dot image