
കോഴിക്കോട്: എരമംഗലത്ത് കുടിയിറക്ക് ഭീഷണി നേരിടുന്ന സരോജിനിയെ ഒറ്റപ്പെടുത്തില്ലെന്ന് ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ. ക്വാറിയുമായി ബന്ധപ്പെട്ട് നിയവിരുദ്ധ പ്രവർത്തനം നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും പ്രസിഡൻ്റ് ഉറപ്പ് നൽകി. അതേസമയം നിയമം ലംഘിച്ചല്ല ക്വാറി പ്രവർത്തനമെന്നാണ് ലൈസൻസിയുടെ വാദം. വീട്ടിൽ തുടർന്ന് താമസിക്കാനാണ് ആഗ്രഹമെന്ന് സരോജിനി റിപ്പോർട്ടറിനോട് പറഞ്ഞു.
സരോജിനി കുടിയിറക്ക് ഭീഷണി നേരിടുന്ന വാർത്ത റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു. തുടർന്ന് രേഖകളുമായി പരാതിക്കാരൻ റിപ്പോർട്ടർ സംഘത്തോടൊപ്പം പഞ്ചായത്ത് ഓഫീസിൽ എത്തി. പിന്നാലെ ബാലുശ്ശേരി പഞ്ചായത്ത് അധികൃതരുടെ പ്രതികരണം തേടി. സരോജിനിക്ക് കെട്ടിട നമ്പർ നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
ക്വാറി പ്രവർത്തനം തുടങ്ങുമ്പോൾ പ്രദേശത്ത് കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഉള്ളത് ഒഴിപ്പിച്ചിരുന്നുവെന്നുമാണ് ലൈസൻസിയുടെ വാദം. ക്വാറി ലൈസൻസ് നിയമങ്ങൾ പാലിച്ചെന്ന് പറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് ഒടുവിൽ പിഴവുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഉറപ്പ് നൽകുകയായിരുന്നു. റിപ്പോർട്ടറിൻ്റെ പൂർണ്ണ ഇടപെടലിന് പിന്നാലെ അധികൃതരിൽ നിന്നും അനുകൂല സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സരോജിനി.