'ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിനേറ്റെടുക്കാനാകില്ല'; വിമർശിച്ച് സിപിഐഎം ഏരിയ സെക്രട്ടറി

ഒരാൾ അക്രമം നടത്തിയതുകൊണ്ട് അവരുടെ കണക്ഷൻ വിഛേദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി
Biju Prabhakar
Biju Prabhakar

കോഴിക്കോട്: കെഎസ്ഇബി എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി സിപിഐഎം കോഴിക്കോട് തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ്‌. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തിലാണ് വിമർശനം. ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാനാകില്ല. ഒരാൾ അക്രമം നടത്തിയതുകൊണ്ട് അവരുടെ കണക്ഷൻ വിഛേദിക്കുന്നത് അംഗീകരിക്കാനാവില്ല. വൈദ്യുതി പുനഃസ്ഥാപിക്കാൻ സർക്കാരാണ് നിർദേശം നൽകിയതെന്നും വി കെ വിനോദ്‌ പറഞ്ഞു.

കെഎസ്ഇബി എംഡിയുടെ നിര്‍ദേശപ്രകാരമായിരുന്നു തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. ഇതോടെ ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു.

ഇതറിഞ്ഞ അസി.എന്‍ജീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇത് ചോദ്യം ചെയ്ത് രാവിലെ കെഎസ്ഇബി ഓഫീസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും സാധനങ്ങള്‍ തര്‍ക്കുകയും ചെയ്തെന്നായിരുന്നു പരാതി. ഇതിന് പിന്നാലെയാണ് വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവുണ്ടായതും വൈദ്യുതി വിച്ഛേദിച്ചതും. എന്നാൽ ഇത് വലിയ വിവാദമായി. കോൺ​ഗ്രസ് പ്രവ‍ർത്തകരും നാട്ടുകാരും പ്രതിഷേധവുമായെത്തി.

വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഉപാധിവെക്കുകയായിരുന്നു. ഇനി ജീവനക്കാരെ മര്‍ദ്ദിക്കില്ലെന്ന ഉറപ്പുനല്‍കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. ഉറപ്പ് കിട്ടിയാല്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കെഎസ്ഇബി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധവും സർക്കാരിനെതിരെ മറ്റൊരു വിവാദം കൂടിയായ പശ്ചാത്തലത്തിലാണ് രാത്രിയോടെ കെഎസ്ഇബി വൈദ്യുതി പുനഃസ്ഥാപിച്ചത്. എന്നാൽ അജ്മലിനെതിരെയുള്ള കേസിൽ നടപടി തുടരും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com