മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജ് പ്രിൻസിപ്പാളിന് കെഎസ്‌യു നേതാക്കളുടെ ഭീഷണി

നാണംകെട്ടവൻ എന്ന് വിളിച്ചും പ്രിൻസിപ്പാളിനെ ആക്ഷേപിച്ചു
മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജ് പ്രിൻസിപ്പാളിന് കെഎസ്‌യു നേതാക്കളുടെ ഭീഷണി

കണ്ണൂർ: കോളേജ് പ്രിൻസിപ്പാളിന് നേരെ കെഎസ്‌യു നേതാക്കളുടെ ഭീഷണി. മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജ് പ്രിൻസിപ്പാളിന് നേരെയാണ് കെഎസ്‌യു നേതാക്കൾ ഭീഷണി മുഴക്കിയത്. എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദിന് പ്രിൻസിപ്പാൾ അനുമതി നൽകിയത് ചോദ്യം ചെയ്താണ് കെഎസ്‌യു ഭീഷണി. തിരുവനന്തപുരം അല്ല മട്ടന്നൂർ എന്ന് ആലോചിച്ചോ എന്നായിരുന്നു കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ പാളാടിൻ്റെ ഭീഷണി. നാണംകെട്ടവൻ എന്ന് വിളിച്ചും പ്രിൻസിപ്പാളിനെ ആക്ഷേപിച്ചു. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

നേരത്തെ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പാൾ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. എസ്എഫ്ഐ നേതാവിൻ്റെ ഭീഷണി രാഷ്ട്രീയ വിഷയമാക്കി കെഎസ്‌യുവും യുഡിഎഫും ഉയർത്തിക്കാണിക്കുന്ന പശ്ചാത്തലത്തിലാണ് മട്ടന്നൂർ കോളേജ് പ്രിൻസിപ്പാളിനെതിരെ ഭീഷണിയുമായി കെഎസ്‌യു രംഗത്ത് വന്നിരിക്കുന്നത്.

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്‌ഐ ഹെല്‍പ് ഡസ്‌ക് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് എസ്എഫ്ഐക്കാർ പ്രിന്‍സിപ്പാളിനെ കൈയേറ്റം ചെയ്യുന്നതിലേക്ക് എത്തിയെന്ന് ആരോപണമുണ്ടായിരുന്നു. പുറത്ത് നിന്ന് എസ്എഫ്‌ഐ നേതാക്കള്‍ കോളേജില്‍ എത്തിയെന്നും ഇവര്‍ മര്‍ദിച്ചതെന്നുമാണ് പ്രിന്‍സിപ്പാൾ സുനില്‍ ഭാസ്‌കറിന്റെ ആരോപണം. പ്രിന്‍സിപ്പാൾ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ പ്രസിഡന്റ് അഭിനവും പരാതി നൽകിയിരുന്നു. അഭിനവിൻ്റെ കർണപുടത്തിന് പരിക്കുള്ളതായി പറയുന്ന മെഡിക്കൽ രേഖകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രിന്‍സിപ്പാൾ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് നവനീതിൻ്റെ ഭീഷണി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com