കെ സുധാകരന്റെ വീട്ടില്‍ 'കൂടോത്ര' അവശിഷ്ടങ്ങള്‍; ഇത്രയും ചെയ്തിട്ടും ബാക്കിയുണ്ടല്ലോയെന്ന് പ്രതികരണം

തന്നെ അപായപ്പെടുത്താനാണ് 'കൂടോത്രം' വെച്ചതെന്ന് കെ സുധാകരന്‍ പ്രതികരിച്ചു
കെ സുധാകരന്റെ വീട്ടില്‍ 'കൂടോത്ര' അവശിഷ്ടങ്ങള്‍; ഇത്രയും ചെയ്തിട്ടും ബാക്കിയുണ്ടല്ലോയെന്ന് പ്രതികരണം

കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടു പറമ്പില്‍ നിന്നും അവശിഷ്ടങ്ങള്‍ കണ്ടെത്തുന്ന വീഡിയോയില്‍ വിവാദം. വീട്ടുപറമ്പില്‍ നിന്നും കണ്ടെത്തിയത് 'കൂടോത്ര അവശിഷ്ടങ്ങളാ'ണെന്ന് ആരോപിക്കുന്നു. അവശിഷ്ടങ്ങള്‍ കുഴിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കെ സുധാകരനൊപ്പം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും അവിടെയുണ്ട്. മന്ത്രിവാദിയെ വിളിച്ചുവരുത്തിയാണ് അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നത്. ഒന്നര വര്‍ഷം മുമ്പുള്ള വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

എന്നാല്‍, തന്നെ അപായപ്പെടുത്താനാണ് 'കൂടോത്രം' വെച്ചതെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. തകിടും ചില രൂപങ്ങളുമാണ് പുറത്തെടുത്തത്. ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ നിര്‍ദേശവും നല്‍കുന്നുണ്ട്.

രാജ് മോഹന്‍ ഉണ്ണിത്താനെതിരെ ദുര്‍മന്ത്രവാദ ആരോപണവുമായി കോണ്‍ഗ്രസ് നടപടിയെടുത്ത ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്നായിരുന്നു ബാലകൃഷ്ണന്‍ പെരിയയുടെ ആരോപണം. എല്ലാ സ്ഥലത്തും ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദം ഉപയോഗിക്കുകയാണ്. കെ സുധാകരന്റെ വീട്ടിലും ഉണ്ണിത്താന്‍ മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ടെന്നും ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചിരുന്നു. പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com