'പ്രതിഫലിച്ചത് സര്‍ക്കാരിനെതിരായ വികാരം'; സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ബാധിച്ചെന്നും അംഗങ്ങള്‍ പറഞ്ഞു.
'പ്രതിഫലിച്ചത് സര്‍ക്കാരിനെതിരായ വികാരം'; സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം

കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനെതിരെ വികാരമാണെന്ന് ജില്ലാ കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നു. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് ബാധിച്ചെന്നും അംഗങ്ങള്‍ പറഞ്ഞു.

ജില്ലയില്‍ സംഘടന ദൗര്‍ബല്യം തിരിച്ചടിയായി. ഇടത് വോട്ടുകളില്‍ ഒരു ഭാഗം ബിജെപിക്ക് പോയെന്നും ജില്ലാ കമ്മറ്റി വിലയിരുത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വയം വിമര്‍ശനം അനിവാര്യമാണെന്നതാണ് പ്രധാനമായും ഉയര്‍ന്നത്. ആത്മവിമര്‍ശനവും തിരുത്തലും വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങളോട് അസഹിഷ്ണുഷണത പ്രകടിപ്പിക്കരുത്. ഇല്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങള്‍ പറഞ്ഞു.

കേഡര്‍ വോട്ടുകള്‍ ചോര്‍ന്നെന്ന് വിലയിരുത്തി. ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ട് ചോര്‍ന്നു. കൂടുതല്‍ വോട്ട് പോയത് കോണ്‍ഗ്രസിലേക്കാണ്. ബിജെപിയിലേക്കും വോട്ട് പോയി. ഇത് ഗൗരവത്തോടെ കാണണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായമുണ്ടായി. കേഡര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബിജെപിയിലേക്ക് വോട്ടുകള്‍ പോകുന്നത് അപകടകരമാണ്. കോണ്‍ഗ്രസിലേക്ക് പോവുന്ന വോട്ടുകള്‍ തിരിച്ചുപിടിക്കാം. ബിജെപിയിലേക്ക് പോകുന്നത് തിരിച്ചെത്തിക്കുക എളുപ്പമല്ലെന്നും വിലയിരുത്തലുണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് എതിരെയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com