തിരുവനന്തപുരം ജില്ലയില്‍ എട്ട് നിയോജക മണ്ഡലങ്ങളില്‍ മുന്നില്‍; കോണ്‍ഗ്രസിന് പ്രതീക്ഷ

തിരുവനന്തപുരത്ത് നാലാം തവണയാണ് ശശി തരൂര്‍ വിജയം കരസ്ഥമാക്കിയത്.
തിരുവനന്തപുരം ജില്ലയില്‍ എട്ട് നിയോജക മണ്ഡലങ്ങളില്‍ മുന്നില്‍; കോണ്‍ഗ്രസിന് പ്രതീക്ഷ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപന സമയത്ത് തിരുവനന്തപുരത്തെ രണ്ട് മണ്ഡലങ്ങളിലും ത്രില്ലർ പോരാട്ടം തന്നെയാണ് നടന്നത്. ആറ്റിങ്ങലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരും അന്തിമ വിജയം നേടുന്നതിന് മുന്നേ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോവളത്ത് മാത്രമാണ് യുഡിഎഫ് വിജയിച്ചത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലും തുടർവിജയം നേടിയ കോൺഗ്രസ് തിരുവനന്തപുരത്തും ആറ്റിങ്ങലിലും നാലു നിയമസഭാ മണ്ഡലങ്ങളിൽ വീതം ലീഡ് നേടി.

തിരുവനന്തപുരത്ത് നാലാം തവണയാണ് ശശി തരൂര്‍ വിജയം കരസ്ഥമാക്കിയത്. 16000ത്തിലേറെ ഭൂരിപക്ഷത്തിനാണ് തരൂര്‍ ജയിച്ചു കയറിയത്. അടുത്ത തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് ലോക്‌സഭയിലെ രണ്ടു മണ്ഡലങ്ങളിലെയും തുടർവിജയങ്ങൾ. ആറ്റിങ്ങലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് അടൂര്‍ പ്രകാശ് വിജയം ഉറപ്പിച്ചത്. വി ജോയിയാണ് രണ്ടാം സ്ഥാനത്ത്. സിപിഎം ജില്ലാ സെക്രട്ടറിയെത്തന്നെ പരാജയപ്പെടുത്തിയാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ വിജയം നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറെ അവസാന നിമിഷം പരാജയപ്പെടുത്താൻ തരൂരിനുമായി. രണ്ട് മണ്ഡലങ്ങളിലും ബിജെപി കേന്ദ്രമന്ത്രിമാരെത്തന്നെ രംഗത്തിറക്കിയെങ്കിലും വിജയത്തോടടുക്കാനായില്ല.

തിരുവനന്തപുരത്ത് സ്ഥാനാർഥി നിർണയം നേരത്തെതന്നെ നടന്നെങ്കിലും പ്രചാരണ ഘട്ടത്തിൽ സിപിഎമ്മിനും ബിജെപിക്കും ഒപ്പമെത്താൻ യുഡിഎഫിനു സാധിച്ചിരുന്നില്ല. എന്നിരുന്നാലും സംഘടനാതലത്തിലെ കെട്ടുറപ്പും സാമുദായിക സമവാക്യങ്ങളും കോൺഗ്രസിനെ പിന്തുണച്ചു. തിരുവനന്തപുരത്തെ വികസന രാഷ്ട്രീയത്തെ പറഞ്ഞു കൊണ്ടാണ് രാജീവ് ചന്ദ്രശേഖർ പ്രചാരണ രംഗത്തെത്തിയത്. കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ തീരദേശ മേഖല ഉൾപ്പെടെ ബിജെപി കടന്നു കയറ്റ ശ്രമം ഉണ്ടായിരുന്നു. എന്നാൽ, തരൂരിന്റെ വ്യക്തിപ്രഭാവത്തെ മങ്ങലേപ്പിക്കാൻ ബിജെപി ഒന്ന് വിയർക്കേണ്ടി വന്നു. കോണ്‍ഗ്രസ്സിനായി രണ്ടാം തവണ മത്സരിക്കാന്‍ 2014 ല്‍ കളത്തിലിറങ്ങിയപ്പോള്‍ ഒ രാജഗോപാല്‍ തീർത്ത പ്രതിരോധത്തിന് സമാനമായിരുന്നു ഇത്തവണ രാജീവ് ചന്ദ്രശേഖറും കാഴ്ചവെച്ചത്.തരൂരിനെ വെളളം കുടിപ്പിച്ച ബിജെപി, ഒരുവേള പ്രതീക്ഷകളുടെ കൊടുമുടി കയറിയെങ്കിലും ഫോട്ടോ ഫിനിഷില്‍ നിലം പതിക്കുകയായിരുന്നു. 16077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശശി തരൂർ തലസ്ഥാനത്തെ താരമായത്. കടുത്ത മത്സരം നേരിട്ട തിരുവനന്തപുരത്ത് തീരദേശവും ഗ്രാമീണ മേഖലയുമാണ് തരൂരിന് തുണയായത്.

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മൂന്നാംസ്ഥാനത്തായതിന്റെ നാണക്കേടുമാറ്റാൻ മുതിർന്ന നേതാവായ പന്ന്യൻ രവീന്ദ്രനെയാണ് സിപിഐ കളത്തിൽ ഇറക്കിയത്. എന്നാൽ, കഴിഞ്ഞതവണ സി.ദിവാകരന്റെ വോട്ടിനൊപ്പം എത്താൻ എൽഡിഎഫിനു കഴിഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ആറിടത്തും വിജയിച്ച എൽഡിഎഫിന് ഒരിടത്തുപോലും ലീഡ് നേടാനുമായില്ല. 2019-ൽ സിദിവാകരൻ 258566 വോട്ട് നേടിയപ്പോൾ പന്ന്യൻ രവീന്ദ്രൻ 247648 വോട്ടാണ് നേടിയത്. തിരുവനന്തപുരത്തെ ആറു നിയമസഭാ മണ്ഡലങ്ങള്‍ ഇടതു പക്ഷത്തിനൊപ്പമാണെങ്കിലും ഒരിടത്തു പോലും പന്ന്യന് മുന്നേറ്റമുണ്ടാക്കാനായില്ല. പാറശ്ശാലയില്‍ രണ്ടാമതെത്തിയതൊഴിച്ചാല്‍ ബാക്കി ഇടങ്ങളിലെല്ലാം മൂന്നാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com