ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍; ആനുകൂല്യം നല്‍കാന്‍ വേണ്ടത് 9000 കോടി

ഇന്നു വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിയോളം പേര്‍ അധ്യാപകരാണ്
ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടവിരമിക്കല്‍; ആനുകൂല്യം നല്‍കാന്‍ വേണ്ടത് 9000 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. 16,638 പേരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്. വിരമിക്കുന്നവരുടെ ആനുകൂല്യം നല്‍കാന്‍ മാത്രം 9000 കോടി രൂപ വേണ്ടിവരും എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

ഇന്നു വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിയോളം പേര്‍ അധ്യാപകരാണ്. 800 പൊലീസുകാരും കെഎസ്ഇബിയില്‍ നിന്ന് 1099 ജീവനക്കാരും പടിയിറങ്ങും. പൊലീസില്‍ നിന്ന് വിരമിക്കുന്നവരില്‍ 15 എസ്പി മാരും 27 ഡിവൈഎസ്പിമാരും ഉണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ 8 ഡിഡിമാരും രണ്ട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരും പെന്‍ഷനാകും. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അടക്കം 674 പേര്‍, സെക്രട്ടറിയേറ്റില്‍ നിന്ന് 200 പേര്‍ എന്നിങ്ങനെയാണ് വിരമിക്കുന്നവരുടെ പട്ടിക.

സ്‌കൂളില്‍ ചേരുമ്പോള്‍ ജനനതീയതി മെയ് 31 ആയി രേഖപ്പെടുത്തുന്ന രീതി നേരത്തെയുണ്ടായിരുന്നു. ഇതാണ് മെയ് 31ലെ കൂട്ട വിരമിക്കലിന് കാരണം. വിരമിക്കുന്നവര്‍ക്ക് ആനുകൂല്യം വിതരണം ചെയ്യുന്നതിനായി 9000 കോടി രൂപ വേണ്ടിവരും എന്നാണ് കണക്ക്. വിരമിക്കുന്നവര്‍ ഒറ്റയടിക്ക് പണം പിന്‍വലിക്കില്ല എന്നതാണ് ധനവകുപ്പിന്റെ പ്രതീക്ഷ. വിരമിച്ചവരുടെ ആനുകൂല്യത്തിനും ഈ മാസത്തെ ശമ്പളത്തിനുമായി 3500 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു. ഇതിന്റെ നയപരമായ തീരുമാനത്തിനായി ചര്‍ച്ചകള്‍ തുടങ്ങിയിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്ന് കണക്കിലെടുത്താണ് ചര്‍ച്ചകള്‍ ഉപേക്ഷിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com