'സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കണം'; കർശന നിർദേശവുമായി ഹൈക്കോടതി

മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കി യൂട്യൂബിൽ വീഡിയോ ഇട്ടിരുന്നു
'സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കണം'; കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം. കേസിന്റെ വിശദാംശങ്ങൾ ആർടിഒ നാളെ കോടതിക്ക് കൈമാറും. മോട്ടോർ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും പരിഹസിച്ച് സഞ്ജു ടെക്കി യൂട്യൂബിൽ വീഡിയോ ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഷയം വളരെ ഗൗരവമായാണ് കാണുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് സഞ്ജു ടെക്കി വ്‌ളോഗ്സ് എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവെച്ചത്. കാറിന്റെ പിന്‍ഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള്‍ സജ്ജീകരിക്കുകയായിരുന്നു. ടര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. അത്യന്തം അപകടകരമായ രീതിയിലായിരുന്നു സംഘത്തിന്റെ വീഡിയോ ചിത്രീകരണം. വാഹനത്തിലെ പൂളിന്റെ മര്‍ദ്ദം കൊണ്ട് എയര്‍ബാഗ് പുറത്തേക്ക് വരികയും ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു. ഇതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തിരുന്നു.

സഞ്ജു ടെക്കി എന്നറിയപ്പെടുന്ന യു ട്യൂബര്‍ കലവൂര്‍ സ്വദേശി സഞ്ജുവിനും സുഹൃത്ത് സൂര്യനാരായണനും എതിരെ നടപടിയെടുത്തിരുന്നു. കാര്‍ പിടിച്ചെടുത്ത് രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും സഞ്ജുവിനെതിരേ ആറു വകുപ്പുകള്‍ പ്രകാരം മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയും ചെയ്തു. വാഹനമോടിച്ച സൂര്യനാരായണന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡു ചെയ്തു. ഇരുവരും ഒരാഴ്ച ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടു കഴിയുന്നവര്‍ക്കു സേവനവും ചെയ്യണം. ജൂണ്‍ മൂന്നു മുതല്‍ മലപ്പുറം എടപ്പാളിലുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ കേന്ദ്രത്തില്‍ ഡ്രൈവിങ്ങും റോഡുസുരക്ഷയും സംബന്ധിച്ച ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കുകയും വേണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com