വിദ്വേഷത്തിന്റെ സംഘപരിവാർ നേതാവിന് ഗാന്ധിയെ മനസ്സിലാകില്ല, മോദി മാപ്പ് പറയണം: എ എ റഹീം

ഇംഗ്ലീഷ് ചിത്രത്തിലൂടെ ഗാന്ധി അറിയപ്പെട്ടു എന്ന് പറയുന്നതിന് പകരം സിനിമയിലൂടെ ആർഎസ്എസിനെ ലോകം അറിഞ്ഞു എന്ന് മോദി പറയണമെന്ന് എ എ റഹീം
വിദ്വേഷത്തിന്റെ  സംഘപരിവാർ നേതാവിന് ഗാന്ധിയെ മനസ്സിലാകില്ല, മോദി മാപ്പ് പറയണം: എ എ റഹീം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗാന്ധി പരാമർശത്തിൽ രാജ്യത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം. ഇംഗ്ലീഷ് ചിത്രത്തിലൂടെ ഗാന്ധി അറിയപ്പെട്ടു എന്ന് പറയുന്നതിന് പകരം സിനിമയിലൂടെ ആർഎസ്എസിനെ ലോകം അറിഞ്ഞു എന്ന് മോദി പറയണം. ഗാന്ധി വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ പ്രചാരകനായി മാറിയില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സംഘപരിവാറിന്റെ നേതാവിന് അത് മനസിലാകില്ലെന്നും റഹീം പറഞ്ഞു.

എക്സാലോജിക് വിഷയത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നടക്കുന്നത് ആസൂത്രിത ഗൂഢാലോചനയാണ്. വസ്തുതയുടെ വെളിച്ചമുള്ള ഒന്നും പ്രതിപക്ഷത്തിന് പറയാൻ കഴിയുന്നില്ല. പ്രതിപക്ഷനേതാവ് നുണ ഫാക്ടറിയായി മാറുന്നു. ഇതിന്റെ പ്രചരണ വേല ബിജെപി ഏറ്റെടുക്കുന്നു. വർഗീയത കൂട്ടുപിടിച്ചാണ് മോദി വോട്ട് തേടുന്നത്. രാജ്യത്ത് വലിയ പതനത്തിലേക്ക് എൻഡിഎ പോകും. ശശി തരൂരിന്റെ സ്റ്റാഫിൽ നിന്ന് സ്വർണ്ണം പിടിച്ച വിഷയത്തിൽ ‌അന്വേഷണം നടത്തട്ടെ. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ. തരൂർ കുറ്റം ചെയ്തെന്ന് ആരോപിക്കാൻ ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തേണ്ട വിഷയമാണ് അതെന്നും റഹീം വ്യക്തമാക്കി.

ഇസ്രായേൽ ക്രൂരത ആവർത്തിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും പലസ്തീനിൽ നടക്കുന്നത് മാപ്പ് അർഹിക്കാത്ത വംശഹത്യ ആണെന്നും റഹീം പറഞ്ഞു. ഇസ്രയേലിനെ ഒറ്റപ്പെടുത്താനുള്ള ക്യാമ്പയിൻ ഏറ്റെടുത്തത് ലോകത്തെ യുവത്വം ആണ്. ഓരോ ദിവസം കൂടുംതോറും കൂടുതൽ രാജ്യങ്ങൾ പലസ്തീനിനൊപ്പമാണ്. ഡിവൈഎഫ്ഐ കൂടുതൽ യുവാക്കളെ അണിനിർത്തി രാജ്യത്ത് പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിക്കും. കുഞ്ഞുങ്ങളുടെ കൂട്ടകുരുതിയിൽ ഇപ്പോഴും ആർഎസ്എസ് ആനന്ദിക്കുകയാണ്. കോൺഗ്രസ് ഇപ്പോഴും ബുദ്ധിപൂർവമായ മൗനം പ്രകടിപ്പിക്കുകയാണ്. കാൻസ് ചലച്ചിത്രോത്സവത്തിൽ മലയാളികൾ ഐക്യദാർഢ്യം അറിയിച്ചു. എന്നിട്ട് ഇപ്പോഴും കോൺ​ഗ്രസ് എന്ത് പക്ഷമാണ് സ്വീകരിച്ചതെന്നും റഹീം ചോദിച്ചു.

രാഷ്ട്രപിതാവ് ഗാന്ധിജിയെ കുറിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മാ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നാണ് മോദി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com