നഴ്‌സിങ് ബിരുദം നേടിയവര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട: സുപ്രീംകോടതി

നിര്‍ബന്ധിത പരിശീലനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി
നഴ്‌സിങ് ബിരുദം നേടിയവര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട: സുപ്രീംകോടതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളേജ് മാനേജ്മെന്റുകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. നഴ്സിങ് ബിരുദം നേടിയവര്‍ക്ക് ഒരുവര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിര്‍ബന്ധിത പരിശീലനം ഒഴിവാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവെച്ചാണ് സുപ്രീംകോടതിയുടെ വിധി. നിര്‍ബന്ധിത പരിശീലനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

നാല് വര്‍ഷത്തെ നഴ്സിങ് ബിരുദ പഠനത്തില്‍ ആറ് മാസം പരിശീലന കാലയളവാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതിയുടെ നടപടി. അധികമായ ഒരു വര്‍ഷത്തെ പരിശീലനം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രിംകോടതി അംഗീകരിച്ചു. നഴ്സിങ് ബിരുദധാരികള്‍ക്ക് നേരിട്ട് ജോലിയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം.

നാല് വര്‍ഷം നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ അതത് ആശുപത്രികളില്‍ ഒരുവര്‍ഷം നിര്‍ബന്ധിത പരിശീലനം കൂടി നടത്തണമെന്നായിരുന്ന നേരത്തെയുള്ള വ്യവസ്ഥ. നഴ്സിങ് കോളേജ് മാനേജ്മെന്റുകള്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥ 2011ല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് തിരുത്തി. നാല് വര്‍ഷത്തെ ബിരുദത്തിനൊപ്പം ഒരു വര്‍ഷത്തെ പരിശീലന കാലയളവ് കൂടി പൂര്‍ത്തിയാകുമ്പോള്‍ ആകെ അഞ്ച് വര്‍ഷമാകും. പഠനത്തിന് ശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലന വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളില്‍ ഇല്ല. ഇത് കേരളത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വൈകാന്‍ കാരണമാകുമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. തുടര്‍ന്നാണ് നിര്‍ബന്ധിത പരിശീലന വ്യവസ്ഥ ആരോഗ്യ വകുപ്പ് ഒഴിവാക്കിയത്.

സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. പഠിച്ചിറങ്ങുന്നവരെ നേരിട്ട് ജോലിക്കെടുത്താലുണ്ടാകുന്ന പ്രശ്നങ്ങളും പ്രൊവിഡന്റ് ഫണ്ട് ഉള്‍പ്പടെയുള്ള തൊഴിലാളി ആനുകൂല്യങ്ങള്‍ അടയ്ക്കേണ്ടി വരുന്നതുമാണ് പ്രതിസന്ധിയായി മാനേജ്മെന്റ് അസോസിയേഷന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയാണ് നഴ്സിങ് ബിരുദധാരികള്‍ക്ക് ആശ്വാസമാകുന്ന സുപ്രീംകോടതിയുടെ വിധി.

നഴ്‌സിങ് ബിരുദം നേടിയവര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട: സുപ്രീംകോടതി
അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

Related Stories

No stories found.
logo
Reporter Live
www.reporterlive.com