സമസ്ത മുഖപത്രത്തിൽ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം

നേരത്തെ സമസ്ത മുഖപത്രത്തിൽ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകൻ സുപ്രഭാതം കത്തിച്ചുവെന്ന ആരോപണം വിവാദമായിരുന്നു
സമസ്ത മുഖപത്രത്തിൽ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം

കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിൻ്റെ ആദ്യപേജ് ന്യൂനപക്ഷങ്ങൾക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന നിർണ്ണായകമായ രാഷ്ട്രീയ സന്ദേശത്തോടെയുള്ള പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചിത്രവുമുണ്ട്. നേരത്തെ സമസ്ത മുഖപത്രത്തിൽ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് ലീഗ് പ്രവർത്തകൻ സുപ്രഭാതം കത്തിച്ചുവെന്ന ആരോപണം വിവാദമായിരുന്നു.

തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മുസ്ലിം ലീഗ് പ്രവർത്തകൻ സുപ്രഭാതം പത്രം കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്ലിംലീഗ് നേതാവാണ് ഇത് ചെയ്തതെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിനാണ് സുപ്രഭാതം പത്രം കത്തിക്കാൻ കാരണമെന്ന ആരോപണം ഉയരുകയായിരുന്നു. പത്രം കത്തിച്ചതിന് പിന്നിൽ മുസ്ലീം ലീഗാണെന്ന് അരോപിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയും രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ചിത്രം വച്ചതിനാണ് പത്രം കത്തിച്ചതെന്നും ഹംസ പറഞ്ഞിരുന്നു.

പത്രം കത്തിച്ചയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു മുസ്ലീം ലീഗിൻ്റെ നിലപാട്. സുപ്രഭാതത്തിലെ ഇടത് മുന്നണി പരസ്യത്തിൽ തെറ്റില്ലെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിൻ്റെ പ്രതികരണം. പരസ്യം കച്ചവടത്തിൻ്റെ ഭാഗമാണെന്നും സിപിഐഎമ്മുമായി കച്ചവട ബന്ധം വേണമോയെന്ന് തീരുമാനിക്കേണ്ടത് സമസ്തയാണെന്നും അതേ പരസ്യം ചന്ദ്രികയിൽ വരില്ലെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.

പിന്നാലെ പത്രം തെരുവില്‍ കത്തിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് പത്രം കത്തിച്ച കോമുക്കുട്ടി ഹാജിയും രംഗത്ത് വന്നിരുന്നു. സംഭവത്തിൽ സമസ്തക്കാര്‍ക്ക് വിഷമം ഉണ്ടായതായി മനസിലാക്കുന്നുവെന്നായിരുന്നു കോമുക്കുട്ടിയുടെ പ്രതികരണം. താന്‍ എന്നും സമസ്തക്കാരനാണെന്നും കോമുക്കുട്ടി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com