'ധനസഹായം കേന്ദ്രസർക്കാർ ഫണ്ടല്ല, സംസ്ഥാന സർക്കാർ ഫണ്ട്'; തമ്മിൽ തല്ലി മുന്നണികൾ

ധനസഹായം കേന്ദ്രസർക്കാർ ഫണ്ടല്ല മറിച്ച് സംസ്ഥാന സർക്കാരാണ് പണം നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
'ധനസഹായം കേന്ദ്രസർക്കാർ ഫണ്ടല്ല, സംസ്ഥാന സർക്കാർ ഫണ്ട്'; തമ്മിൽ തല്ലി മുന്നണികൾ

പത്തനംതിട്ട: വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ നൽകുന്ന നഷ്ടപരിഹാരത്തുകയേച്ചൊല്ലി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മുന്നണികൾ തമ്മിൽ തർക്കം. തുക നൽകുന്നത് സംസ്ഥാന സർക്കാരല്ല കേന്ദ്രസർക്കാരാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആൻറണിയും എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻറണിയും പറയുന്നു. അതേസമയം സംസ്ഥാന സർക്കാരാണ് തുക നൽകുന്നതെന്നാണ് എൽഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്.

പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ ബിജു കൊല്ലപ്പെട്ടതിൽ 10 ലക്ഷം രൂപ ബിജുവിന്റെ ആശ്രിതർക്ക് ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തർക്കങ്ങൾ ആരംഭിച്ചത്. ധനസഹായം കേന്ദ്രസർക്കാർ ഫണ്ടല്ല മറിച്ച് സംസ്ഥാന സർക്കാരാണ് പണം നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻറണിയും എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണിയും രംഗത്തെത്തിയത്. ധനസഹായം നൽകുന്നത് സംസ്ഥാന സർക്കാർ ആണെന്ന അവകാശവാദം തെറ്റാണെന്നും കേന്ദ്രസർക്കാർ ഫണ്ടാണ് ധനസഹായത്തിന് വിനിയോഗിക്കുന്നതെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി വ്യക്തമാക്കി.

വന്യമൃഗ ആക്രമണത്തിൽ മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നത് കേന്ദ്രസർക്കാരാണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയം വേണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻറണി പറഞ്ഞു. വന്യജീവി ആക്രമണം തടയാൻ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ അനുവദിച്ച 60 കോടിയോളം രൂപ സംസ്ഥാന സർക്കാർ പാഴാക്കിയതായും യുഡിഎഫ്, എൻഡിഎ നേതൃത്വങ്ങൾ വിമർശിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com