കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ?; സിഎംആര്‍എല്‍ ഇടപാടില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ഇഡി

പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പ്രതിമാസം സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ?; സിഎംആര്‍എല്‍ ഇടപാടില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ഇഡി

കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി. എക്‌സാലോജിക്ക് - സിഎംആര്‍എല്‍ ഇടപാട് വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ നീക്കം. സിഎംആര്‍എല്ലില്‍ നിന്നും വന്‍തുക കൈപ്പറ്റിയവരെ കേന്ദ്രീകരിച്ചും ഇഡി അന്വേഷണം നടത്തിയേക്കും. സിഎംആര്‍എല്‍ ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായാണ് ഇഡിയുടെ നിഗമനം.

മാസപ്പടി വിവാദത്തിലെ ഇഡി അന്വേഷണം വീണാ വിജയന്‍ ഒതുങ്ങില്ല. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയവരിലേക്കും അന്വേഷണം നീളും. രാഷ്ട്രീയ നേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി പലര്‍ക്കും ഇഡി അന്വേഷണം കുരുക്കാകും.

സിഎംആര്‍ല്ലും വീണയുടെ കമ്പനിയായ എക്‌സാലോജിക് സൊലൂഷനുമായുള്ള ഇടപാടുകളാണ് ഇഡി പ്രധാനമായും പരിശോധിക്കുക. സിഎംആര്‍എല്ലിലേയും കെഎസ്‌ഐഡിസിയിലേയും ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യും. രേഖകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വീണയെ ചോദ്യം ചെയ്യും. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് ഇഡിയുടെ അന്വേഷണം.

പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ള നേതാക്കളും സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. ഇത് പാര്‍ട്ടിക്ക് വേണ്ടിയുള്ള സംഭാവനയെന്നായിരുന്നു വിശദീകരണം. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പ്രതിമാസം സിഎംആര്‍എല്ലില്‍ നിന്നും പണം കൈപ്പറ്റിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എക്‌സാലോജിക്കിന്റെ ഇടപാടുകളിലാണ് സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം നടക്കുന്നത്.

സിഎംആര്‍എല്ലില്‍ നിന്നും എക്‌സാലോജിക്ക് 1.72 കോടി രൂപ കൈപ്പറ്റിയിട്ടുണ്ട്. ഈ പണത്തിന് ആവശ്യമായ സര്‍വ്വീസ് സിഎംആര്‍എല്ലിന് ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് എക്‌സാലോജിക്കിന് ലഭിച്ച പണം കൈക്കൂലിയാണെന്ന ആരോപണം ഉയര്‍ന്നത്. മുഖ്യമന്ത്രിയാണ് യഥാര്‍ത്ഥ പ്രതിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെ മുഖ്യമന്ത്രി സഹായിച്ചെന്ന് തെളിഞ്ഞാല്‍ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. ഈ കാര്യത്തില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ടും നിര്‍ണ്ണായകമാകും.

കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ?; സിഎംആര്‍എല്‍ ഇടപാടില്‍ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി ഇഡി
'ആർഎസ്എസിന്റേത് ഹിറ്റ്ലറുടെ രീതി, മതനിരപേക്ഷത ഇല്ലാതാക്കുന്ന ശക്തികൾക്കെതിരെ പ്രക്ഷോഭം അനിവാര്യം'

Related Stories

No stories found.
logo
Reporter Live
www.reporterlive.com