സംസ്ഥാനത്ത് ഇടതനുകൂല കാറ്റ്; കാട്ടില്‍ നിന്ന് ഇറങ്ങുന്ന ആനകള്‍ എല്‍ഡിഎഫാണോ?കഷ്ടമെന്ന് ബിനോയ് വിശ്വം

ബിജെപിയെ പിണക്കാതെ എല്‍ഡിഎഫ് വിരോധമുണ്ടാക്കുകയാണ് യുഡിഎഫ് ലക്ഷ്യമെന്ന് ബിനോയ് വിശ്വം.
സംസ്ഥാനത്ത് ഇടതനുകൂല കാറ്റ്; കാട്ടില്‍ നിന്ന് ഇറങ്ങുന്ന ആനകള്‍ എല്‍ഡിഎഫാണോ?കഷ്ടമെന്ന് ബിനോയ് വിശ്വം

ഇടുക്കി: സംസ്ഥാനത്ത് വീശുന്നത് ശക്തമായ ഇടത് അനുകൂല കാറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടുക്കിയില്‍ എല്‍ഡിഎഫ് വിജയിക്കും. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെ പിക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ജില്ലയില്‍ മാത്രമല്ല എല്ലായിടത്തും യുഡിഎഫും ബിജെപിയും തമ്മില്‍ ബന്ധമുണ്ടെന്നും ബിനോയ് വിശ്വം ആരോപിച്ചു. അതിനാല്‍ അവര്‍ ബിജെപിയെ പിണക്കില്ല. പകരം എല്‍ഡിഎഫ് വിരോധമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ബിനോയ് വിശ്വം ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ സിപിഐക്കെതിരേ നിലപാട് സ്വീകരിക്കുമെന്ന സ്വതന്ത്ര കര്‍ഷക സംഘടനകളുടെ നിലപാട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്നും എക്കാലത്തും സിപിഐ കര്‍ഷകര്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിന് എതിരായ വികാരത്തിലേക്ക് കര്‍ഷകരെ നയിക്കാന്‍ ശ്രമിക്കുന്നവരാണ് തൃശൂരില്‍ കര്‍ഷക ഉച്ചകോടി നടത്തിയത്. കര്‍ഷകരായ ചിലരെ മുന്നില്‍ നിര്‍ത്തി ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബിനോയി വിശ്വം കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്ക് പട്ടയം കിട്ടാന്‍ വേണ്ടി പോരാടിയത് എല്‍ഡിഎഫ് ആണ്. തെറ്റിദ്ധരിക്കപ്പെട്ടാണ് പലരും യോഗത്തിനെത്തിയതെന്നും ബിനോയ് വിശ്വം പറഞ്ഞു.

മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ വൈല്‍ഡ് ലൈഫ് ആക്ടില്‍ മാറ്റം വരുത്തുകയാണ് ഏകമാര്‍ഗ്ഗമെന്നും അതിന് മുന്‍കൈ എടുക്കേണ്ടത് കേന്ദ്രമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ കൂടെയാണ് മുന്നണിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്ലാ വന്യജീവികളും എല്‍ഡിഎഫ് ആണെന്നാണ് പറയുന്നത്. വന്യജീവിക്ക് എല്‍ഡിഎഫ് യുഡിഎഫ് എന്നൊന്നുമില്ല. കാട്ടില്‍ നിന്നും ഇറങ്ങി വരുന്ന ആനകളൊക്കെ എല്‍ഡിഎഫ് എന്നാണ് യുഡിഎഫ് പറയുന്നത്. എല്‍ഡിഎഫ് കടുവയുണ്ടോ?. ബിജെപിയും യുഡിഎഫും അങ്ങനെയാണ് പറയുന്നത്. കഷ്ടമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com