മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കേസുകൾ മോദി ഒതുക്കി, ഇപിയുടെ പ്രസ്താവന ഇതിനുള്ള നന്ദി: ചെന്നിത്തല

ഇപിയുടെ പ്രസ്താവന വിടുവായിത്തമല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

dot image

കോട്ടയം: ഇന്ഡ്യാ മുന്നണിയെ ദുർബലപ്പെടുത്താൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. മുംബൈ മഹാറാലിയിൽ നിന്ന് സിപിഐഎമ്മും സിപിഐയും വിട്ടു നില്ക്കുകയായിരുന്നു. സിപിഐഎം ആർക്കൊപ്പമാണ് എന്ന് ചോദിച്ച രമേശ് ചെന്നിത്തല ബിജെപിയുടെ ബി ടീമാണ് അവരെന്നും ആരോപിച്ചു. ബിജെപിയുടെ നാല് സ്ഥാനാര്ഥികള് ബെസ്റ്റാണെന്ന ഇ പി ജയരാജൻ്റെ പ്രസ്താവന ഇതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയുള്ള കേസുകൾ മോദി ഒതുക്കി കൊടുത്തു. ഇതിന് നന്ദി സൂചകമായി ഇപിയെകൊണ്ട് ഇങ്ങനെ പറയിപ്പിക്കുകയായിരുന്നു എന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

മതേതരത്വം നിലനിൽക്കണം. ഇതിനെ തകർക്കുന്ന നിലപാടാണ് എല്ഡിഎഫിൻ്റേത്. കേരളത്തിൽ കോണ്ഗ്രസിന്റെ പോരാട്ടം എൽഡിഎഫുമായിട്ടാണ്. ബിജെപി അക്കൗണ്ട് തുറക്കില്ല. ബിജെപിയെ ശക്തിപ്പെടുത്താനാണ് എല്ഡിഎഫിന്റെ ശ്രമം. ജനങ്ങൾ ഇത് തിരിച്ചറിയും. ബി ജെ പി സ്ഥാനാർത്ഥികളെ ബി ജെ പി പോലും പ്രകീർത്തിച്ചിട്ടില്ല. പല സീറ്റുകളിലും ബിജെപി - എല്ഡിഎഫ് ധാരണ ഉണ്ടായിരുന്നു. ഇതാണ് കേരളത്തിലെ തുടർഭരണത്തിന് കാരണം. ഇപിയുടെ പ്രസ്താവന വിടുവായിത്തമല്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നവകേരള സദസ് പൊളിഞ്ഞുവെന്നും സിഎഎ വിഷയത്തില് സിപിഐഎമ്മിന് ആത്മാർത്ഥതയില്ലെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിഷേധ സമരങ്ങൾക്കിറങ്ങുന്നതിൻ്റെ ലക്ഷ്യം വോട്ട് ബാങ്ക് മാത്രമാണ്. സിഎഎ സമരത്തിൽ കേസുകൾ പിൻവലിച്ചില്ല. യുപി മുഖ്യമന്ത്രി കാണിച്ച മര്യാദ പോലും പിണറായി വിജയന് കാട്ടിയിട്ടില്ല. സംസ്ഥാനത്ത് വികസനം സ്തംഭിച്ചു. ഇപി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ അടുത്ത ബന്ധം ഉണ്ട്. കബളിപ്പിക്കുന്ന മോദിയെ പോലെയാണ് പിണറായിയെന്നും ചെന്നിത്തല ആരോപിച്ചു.

ലോകസഭയിലെ അംഗത്വമാണ് സർക്കാർ രൂപീകരണത്തിന് ആധാരം, അതിനാണ് കോൺഗ്രസ് പരിശ്രമിക്കുന്നത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇലക്ട്രൽ ബോണ്ട് വിരങ്ങൾ പുറത്ത് പറയേണ്ട സമയത്ത് പുറത്തുവിടും. ബി ജെ പിയും കണക്കുകൾ പുറത്ത് വിടട്ടെ എന്നും ചെന്നിത്തല പറഞ്ഞു.

dot image
To advertise here,contact us
dot image