'അളവോ തൂക്കമോ നോക്കേണ്ടതില്ല, നല്ലൊരു തങ്കകിരീടം വേണം';സുരേഷ് ഗോപി ആവശ്യപ്പെട്ടതായി ശില്പി,ചര്ച്ച

കിരീടത്തില് എത്ര സ്വര്ണ്ണമുണ്ടെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് തൃശൂര് കോര്പ്പറേഷനിലെ കോണ്ഗ്രസ് കൗണ്സിലര് ലീലാ വര്ഗീസാണ് രംഗത്തെത്തിയത്.

dot image

തൃശുര്: തൃശൂര് ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്ത്ഥി സുരേഷ് ഗോപി ലൂര്ദ് പള്ളിയില് സമര്പ്പിച്ച കിരീടത്തിലെ സ്വര്ണത്തിന്റെ തൂക്കം സംബന്ധിച്ച് തര്ക്കം ഉയര്ന്നതോടെ ചര്ച്ചയായി ശില്പിയുടെ പ്രതികരണം. ലൂര്ദ് പള്ളിയില് നല്കിയത് ചെമ്പില് സ്വര്ണ്ണം പൂശിയ കിരീടമാണെന്ന് ആക്ഷേപം ഉയര്ന്നതോടെയാണ് ശില്പി അനു അനന്തന്റെ പ്രതികരണം വീണ്ടും സോഷ്യല്മീഡിയയില് പ്രചരിക്കുന്നത്.

സ്വര്ണ്ണകിരീടം ആയിരിക്കണമെന്നാണ് സുരേഷ് ഗോപി തന്നോട് ആവശ്യപ്പെട്ടത്. അളവോ കാര്യങ്ങളോ നോക്കേണ്ടതില്ല. മികച്ചൊരു തങ്ക കിരീടം വേണമെന്ന് പറഞ്ഞ് കുറച്ച് സ്വര്ണ്ണം തന്നെ ഏര്പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'സ്വര്ണ്ണകിരീടം ആയിരിക്കണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. മറ്റൊന്നും നോക്കേണ്ടതില്ല. നല്ലൊരു തങ്കകിരീടം മാതാവിന് സമര്പ്പിക്കണം എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. അളവോ കാര്യങ്ങളോ നോക്കരുത്. ഭംഗിയായിരിക്കണമെന്ന് പറഞ്ഞു. 17 ദിവസമെടുത്തു. കിരീടം പണിയാന് സുരേഷ് ഗോപി കുറച്ച് സ്വര്ണ്ണം തന്നിരുന്നു. ഞാനത് തൂക്കി നോക്കിയില്ല. ഉപയോഗിച്ച സ്വര്ണത്തിന്റെ ബാക്കി അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുക്കുകയായിരുന്നു. ഇതിന്റെ തൂക്കം അറിയേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.' എന്നായിരുന്നു അനു അനന്തന്റെ വാക്കുകള്.

കിരീടത്തില് എത്ര സ്വര്ണ്ണമുണ്ടെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് തൃശൂര് കോര്പ്പറേഷനിലെ കോണ്ഗ്രസ് കൗണ്സിലര് ലീലാ വര്ഗീസാണ് രംഗത്തെത്തിയത്. ലൂര്ദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

'ലൂര്ദ് മാതാവിന് എത്രയോ പവന്റെ സ്വര്ണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പില് സ്വര്ണം പൂശിയതായാണ് ഇടവകയില് വരുന്ന പൊതുജനങ്ങള്ക്ക് അറിയാന് കഴിഞ്ഞത്. ഈ സാഹചര്യത്തില് കിരീടം എത്ര പവന് ആണെന്ന് ജനങ്ങള്ക്ക് അറിയാന് താല്പര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്.' എന്നായിരുന്നു ആവശ്യം. മകളുടെ വിവാഹത്തിന് മുന്നോടിയായിട്ടാണ് സുരേഷ് ഗോപി ലൂര്ദ് മാതാ ദേവാലയത്തില് കിരീടം സമര്പ്പിച്ചത്.

dot image
To advertise here,contact us
dot image