വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി

ഇന്ന് തന്നെ പോസ്റ്റ്മോർട്ടം നടത്താൻ കലക്ടർ ഉത്തരവിട്ടിരുന്നു
വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി

കോഴിക്കോട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. കോഴിക്കോട് മെഡിക്കൽ കോളജിലെത്തി പുൽപള്ളി പൊലീസാണ് ഇൻക്വസ്റ്റ് നടത്തിയത്. ഇന്ന് തന്നെ പോസ്റ്റ്മോർട്ടം നടത്താൻ കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അൽപസമയത്തിനകം പോസ്റ്റുമോര്‍ട്ടം നടപടികൾ ആരംഭിക്കും. മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ കുറുവ ദ്വീപ് വിഎസ്എസ് ജീവനക്കാരൻ പാക്കം സ്വദേശി പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പോളിനെ വയനാട് മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രാവിലെ 9.30ഓടെയായിരുന്നു ചോകാടിക്ക് സമീപം കുറുവാ ദ്വീപിലേയ്ക്ക് ഇറങ്ങുന്ന പ്രധാനപാതയ്ക്ക് സമീപം പോള്‍ കാട്ടാനയെ കണ്ടത്. ആനയെ കാട്ടിലേയ്ക്ക് തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന പോളിന് നേരെ തിരിയുകയായിരുന്നു. ഇതിനിടെ വീണ് പോയ പോളിനെ കാട്ടാന ചവിട്ടുകയായിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഒച്ചയിട്ടതിനെ തുടര്‍ന്നാൻ് കാട്ടാന പോളിനെ ആക്രമിക്കുന്നതിൽ നിന്നും പിന്‍തിരിഞ്ഞത്. തുടർന്ന് പരിക്കേറ്റ പോളിനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. പോളിന് ആന്തരിക രക്തസ്രാവവും ഉണ്ടായതാണ് ആരോഗ്യനില ഗുരുതരമാക്കിയത്.

കാട്ടനയുടെ ആക്രമണത്തിൽ പരിക്കേറ്റ് വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച പോളിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് റോഡ് മാര്‍ഗ്ഗം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഒരുമണിക്കൂര്‍ 57 മിനിറ്റ് എടുത്താണ് റോഡ് മാര്‍ഗ്ഗം പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പോളിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോളിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്കുള്ള യാത്രാമധ്യേ പോളിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇരുപത് മിനിട്ടോളം ചികിത്സ തേടിയതിന് ശേഷമായിരുന്നു പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. നേരത്തെ പോളിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സജ്ജീകരണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനായി ഹെലികോപ്ടറും എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം പോളിനെ ഇരുത്തി കൊണ്ടുപോകുന്നത് അപകടകരമാണെന്ന് കണ്ടായിരുന്നു ആംബുലന്‍സില്‍ റോഡ് മാര്‍ഗ്ഗം പോളിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. ഐസിയു സംവിധാനങ്ങള്‍ അടക്കം ഏര്‍പ്പെടുത്തിയ ആംബുലന്‍സിലായിരുന്നു പോളിനെ കോഴിക്കോട്ടേയ്ക്ക് എത്തിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com