‘കരിമണൽ കളള കോടീശ്വരൻമാർ’; തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ശശിധരൻ കർത്തയുടെ സിഎംആർഎല്ലിന് കൂടി വേണ്ടി

കെഎംഎംഎൽ, ഐഇആർ എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ നടത്തുന്ന കരിമണൽ കൊള്ളയുടെ യഥാർത്ഥ ഉപഭോക്താവ് ആരാണ്? കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ കഴിഞ്ഞ നാല് വർഷമായി തുടരുന്ന കരിമണൽ ഖനനം ആർക്ക് വേണ്ടിയാണ് എന്നതിന് ഉത്തരം തേടുകയാണ് റിപ്പോർട്ട് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം.
‘കരിമണൽ കളള കോടീശ്വരൻമാർ’; തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം ശശിധരൻ കർത്തയുടെ സിഎംആർഎല്ലിന് കൂടി വേണ്ടി

കൊച്ചി: ആലപ്പുഴ തോട്ടപ്പള്ളിയിൽ തുടരുന്ന കരിമണൽ ഖനനം ശശിധരൻ കർത്തയുടെ സിഎംആർഎല്ലിന് കൂടി വേണ്ടിയാണെന്നതിൻ്റെ തെളിവുകൾ റിപ്പോർട്ടർ പുറത്തുവിടുന്നു. ഖനനം തുടങ്ങുന്നത് വരെ ജപ്പാൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് കോടികൾ ചെലവഴിച്ച് കൊണ്ടുവന്നിരുന്ന അസംസ്കൃത വസ്തുക്കളാണ് ഖനനത്തിന് പിന്നാലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎല്ലിൽ നിന്ന് കർത്തയുടെ കമ്പനിക്ക് ഇഷ്ടംപോലെ കിട്ടി തുടങ്ങിയത്. ജനുവരിയിൽ ഖനനം നിർത്തിയതോടെ ശശിധരൻ കർത്തയ്ക്ക് ഐആർഇഎല്ലിൽ നിന്നുള്ള ഇൽമിനേറ്റിൻ്റെ വരവും നിന്നു.

തോട്ടപ്പള്ളിയിലെ കടലും കായലും ചേരുന്ന മനോഹരമായ ഭൂപ്രദേശം. കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനെന്ന പേരിൽ കഴിഞ്ഞ നാല് വർഷമായി ഇവിടെ തുടരുന്ന കരിമണൽ ഖനനം ആർക്ക് വേണ്ടിയാണ് എന്നതിന് ഉത്തരം തേടുകയാണ് റിപ്പോർട്ട് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം. കെഎംഎംഎൽ, ഐഇആർ എൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ നടത്തുന്ന ഈ കരിമണൽ കൊള്ളയുടെ യഥാർത്ഥ ഉപഭോക്താവ് ആരാണ്?

കോടികൾ രാഷ്ട്രീയ നേതാക്കൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും അടക്കം കൊടുത്തത് എന്തിനാണെന്നായിരുന്നു സിഎംആർഎൽ കമ്പനിസിഎഫ്ഒ കെഎസ് സുരേഷ് കുമാറിനോട് ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് ചോദിച്ചത്. പരിസ്ഥിതി മലിനീകരണ വിവാദങ്ങൾ ഒഴിവാക്കാനും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് അസംസ്കൃത വസ്തുവായ ഇൽമിനേറ്റ് കിട്ടാനും എന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ ശശിധരൻ കർത്തയുടെ കമ്പനിക്ക് സർക്കാർ ചെയ്തുകൊടുത്ത സഹായം എന്താണ് എന്ന് അന്വേഷിക്കുകയാണ് റിപ്പോർട്ടർ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം.

മണൽ വാരാൻ സർക്കാർ തീരുമാനിച്ചത് 2019 മെയ് മാസം 31നാണ്. പൊതുമേഖലാ സ്ഥാപനമായ കെഎംഎഎല്ലിനായിരുന്നു ചുമതല. എത്ര കരിമണൽ കിട്ടിയാലും കെഎംഎംഎല്ലിന് മതിയാവില്ലെന്നിരിക്കെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർഇഎല്ലിന് കൊടുക്കാൻ എന്തിന് ധാരണയുണ്ടാക്കി. അതിൻ്റെ ഉത്തരമിതാണ്. ഐആർഇഎല്ലിന് കരിമണൽ കിട്ടിത്തുടങ്ങിയതോടെ ഇൽമിനേറ്റ് ശശിധരൻ കർത്തയുടെ സ്വകാര്യ കമ്പനിയായ സിഎംആർഎല്ലിന് കിട്ടിത്തുടങ്ങി.

2018 ജൂൺ മുതൽ 2024 ജനുവരി 31 വരെ സിഎംആർഎല്ലിലേക്ക് വന്നതും പോയതുമായ എല്ലാ ലോഡുകളുടെയും വിവരങ്ങൾ ഞങ്ങളെടുത്തു. തോട്ടപ്പള്ളിയിൽ ഖനനം തുടങ്ങുന്നത് വരെ ജപ്പാൻ,യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് സിഎംആർഎല്ലിന് ടൈറ്റാനിയം അയിര് എത്തിയത് എന്ന് ഈ രേഖകളിൽ വ്യക്തമാണ്. തോട്ടപ്പള്ളിയിൽ ഖനനം തുടങ്ങിയതോടെ ശശിധരൻ കർത്തയുടെ കമ്പനിയ്ക്ക് കോളടിച്ചു. കെഎംഎംഎൽ മറിച്ചു കൊടുത്ത കരിമണലിൽ നിന്ന് ഇൽമനൈറ്റ് വേർതിരിച്ച് ഐആർഇഎൽ ഇഷ്ടം പോലെ സ്വകാര്യ കമ്പനിക്ക് കൊടുത്തുതുടങ്ങി. ഒരോ ദിവസവും ഇഷ്ടം പോലെ ലോഡുകൾ. വിദേശത്ത് നിന്ന് കോടികൾ ചെലവഴിച്ച് കൊണ്ടുവന്ന ശശിധരൻ കർത്തയ്ക്ക് കമ്പനിക്ക് ഖനനം തുടങ്ങിയതോടെ തൊട്ടടുത്ത് നിന്ന് യഥേഷ്ടം ഇൽമനൈറ്റ് കിട്ടിത്തുടങ്ങി. തോട്ടപ്പള്ളിയിൽ ഖനനം താൽക്കാലികമായി നിർത്തി. ജനുവരി 10 ആകുമ്പോഴേക്ക് മണൽനീക്കവും നിലച്ചു. ഒരൊറ്റ ലോഡ് ഇൽമനൈറ്റ് പോലും കർത്തയ്ക്ക് ഐഇആർഎല്ലിൽ നന്ന് ജനുവരി 31 വരെ കിട്ടിയില്ല. ശശിധരൻ കർത്തയുടെ കമ്പനിക്ക് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടത് തൊട്ടടുത്ത് നിന്ന് കിട്ടി എന്ന് ചുരുക്കം.

പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലുമായി കരാറുണ്ടാക്കി മണൽ എടുക്കുന്നതിനൊപ്പം ഐഈആർഎല്ലിന് കൂടി മണൽ കിട്ടുന്നതോടെയാണ് സ്വകാര്യ കമ്പനിയായ സിഎംആർഎല്ലിന് ഗുണമുണ്ടായത്. സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിക്ക് വേണ്ടി സർക്കാരും ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ നേതാക്കളും കോടികൾ കൈപ്പറ്റി നടത്തുന്ന എല്ലാ ഇടപാടുകളും ഞങ്ങൾ വരും ദിവസങ്ങളിലും സംപ്രേഷണം ചെയ്യും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com