തൃപ്പൂണിത്തുറ സ്ഫോടനം: പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

എക്സ്പ്ലോസീവ് ആക്ട് പ്രകാരം ഹിൽപാലസ് പൊലീസാണ് കേസെടുത്തത്
തൃപ്പൂണിത്തുറ സ്ഫോടനം: പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്

കൊച്ചി: തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്ഫോടനത്തിൽ പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്. ഇത് കൂടാതെ ഇന്നലെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനും കേസടുത്തു. എക്സ്പ്ലോസീവ് ആക്ട് പ്രകാരം ഹിൽപാലസ് പൊലീസാണ് കേസെടുത്തത്. ക്ഷേത്രം ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവ കമ്മിറ്റി എന്നിവർക്കെതിരെയാണ് കേസ്. ഇന്ന് രാവിലെ 11 മണിയോടെ പടക്കപ്പുരയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. 16 പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. 25 വീടുകൾക്ക് ഭാഗികമായോ പൂർണമായോ കേടുപാടുപറ്റി. നാല് വീടുകളുടെ മേൽക്കൂര തകർന്നു.

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിൽനിന്ന് അനുമതി തേടിയിട്ടില്ലെന്ന് എറണാകുളം ഡെപ്യൂട്ടി കളക്ടർ വി ഇ അബ്ബാസ് റിപ്പോർട്ടറിനോട് വ്യക്തമാക്കിയിരുന്നു. പടക്കം സൂക്ഷിച്ചത് അനുമതിയില്ലാതെയാണ്. പടക്കം സൂക്ഷിക്കുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. അതെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പാക്കി മാത്രമാണ് അനുമതി നൽകുകയെന്നും ഡെപ്യൂട്ടി കളക്ടർ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

എന്നാൽ അത്തരത്തിൽ അനുമതി തേടിയുള്ള അപേക്ഷ ജില്ലാ ഭരണകൂടത്തിന് ലഭിച്ചിട്ടില്ല. അനുമതി ചോദിച്ചാലല്ലേ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാകൂ എന്നും ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. ഇന്നലെയും ക്ഷേത്രത്തിൽ വെടിക്കെട്ടുണ്ടായിരുന്നു. സ്ഫോടനത്തിൽ പടക്കം കൊണ്ടുവന്ന ട്രാവലർ പൂർണമായും കത്തി നശിച്ചു. പ്രദേശത്തെ വീടുകൾക്ക് വലിയ കേടുപാടുകളുണ്ടായി. അപകടത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷിക്കുമെന്നും ഡെപ്യൂട്ടി കളക്ടർ വ്യക്തമാക്കി. ജനങ്ങൾ അനുമതി തേടാതെ അനധികൃതമായി പടക്കം പൊട്ടിക്കരുതെന്നും ഡെപ്യൂട്ടി കളക്ടർ ആവശ്യപ്പെട്ടു .

തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു. ഫയർഫോഴ്സ് സംഘവും പൊലീസും ഇവിടെ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്ന് പടക്കം ഷെഡ്ഡിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ നിന്നുണ്ടായ തീപ്പൊരിയിൽ നിന്ന് പടക്കം പൊട്ടിത്തെറിക്കുകയും ഇത് ഷെഡ്ഡിലേക്ക് വ്യാപിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

തൃപ്പൂണിത്തുറ സ്ഫോടനം: പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്
തൃപ്പൂണിത്തുറയിലെ ഉഗ്രസ്ഫോടനം: പടക്കം ശേഖരിച്ചത് പൊലീസിന്റെ നി‍ർദ്ദേശം ലംഘിച്ച്

Related Stories

No stories found.
logo
Reporter Live
www.reporterlive.com