

മാനന്തവാടി: വയനാട് പടമലയില് പനച്ചിയില് അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഭൗത്യം ഇന്നും തുടരും. ആന തോല്പ്പെട്ടി വനമേഖലയില് തന്നെ ഉണ്ടെന്നാണ് നിഗമനം. ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് ആനയെ മയക്കുവെടിവയ്ക്കാന് സാധിച്ചിരുന്നില്ല. മനുഷ്യജീവനെടുത്ത ആനയ്ക്കെതിരെ വനംവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വനംവകുപ്പ് ദൗത്യം അവസാനിപ്പിച്ചിരുന്നു. ആനയെ മയക്കുവെടിവയ്ക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ നാട്ടുകാര് പ്രകോപിതരായി. രാത്രി 12 പട്രോളിങ് സംഘങ്ങളുടെ കാവല് ഉറപ്പാക്കിയതോടെയാണ് രംഗം ശാന്തമായത്.
ആനയെ കണ്ടെത്താനായി ട്രാക്കിങ് സംഘം അല്പ സമയത്തിനകം ശ്രമം തുടങ്ങും. ആന ജനവാസമേഖലയില് തന്നെ തുടരുന്നുണ്ടെങ്കില് ഉടന് മയക്കുവെടി വെച്ച് പിടികൂടാന് ശ്രമം ആരംഭിക്കും. ആന കേരള വനാതിര്ത്തി കടന്നാല് നിരീക്ഷണം തുടരും. മനാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
നാല് കുംകിയാനകളെയാണ് ദൗത്യത്തിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്. മയക്കുവെടി വച്ച് പിടികൂടി ആനയെ മുത്തങ്ങയിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. ഇന്നലെ ചെമ്പകപ്പാറയില് ദൗത്യ സംഘം ആനയെ വളഞ്ഞിരുന്നു. എന്നാല്, പ്രദേശത്തു നിന്ന് ആന നടന്നുനീങ്ങിയതാണ് വെല്ലുവിളിയായത്.
പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല് അജീഷാണ് കാട്ടാനയുടെ ആക്രമണത്തില് മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്ണാടകയില് നിന്ന് പിടികൂടി റേഡിയോ കോളര് ഘടിപ്പിച്ച് കാട്ടില് തുറന്നു വിട്ട കാട്ടാനയാണ് ബേലൂര് മാഗ്ന. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില് തകര്ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജീഷിനെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.