വിദേശസര്‍വകലാശാലയില്‍ സിപിഐഎം പിന്നോട്ട്; ബജറ്റിലെ പ്രഖ്യാപനം മരവിപ്പിക്കാന്‍ ധാരണ

പിബി ചര്‍ച്ച ചെയ്ത ശേഷം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. പിബി വിഷയം പരിഗണിക്കുക ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമാകും
വിദേശസര്‍വകലാശാലയില്‍ സിപിഐഎം പിന്നോട്ട്; ബജറ്റിലെ പ്രഖ്യാപനം മരവിപ്പിക്കാന്‍ ധാരണ

തിരുവനന്തപുരം: വിദേശസര്‍വകലാശാല വിഷയത്തില്‍ സിപിഐഎം പിന്നോട്ട്. ബജറ്റിലെ പ്രഖ്യാപനം മരവിപ്പിക്കാനാണ് ധാരണ. പിബി ചര്‍ച്ച ചെയ്ത ശേഷം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. പിബി വിഷയം പരിഗണിക്കുക ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമാകും.

2024 ജനുവരിയില്‍ പുറത്തിറക്കിയ സിപിഐഎമ്മിന്റെ പൊളിറ്റ് ബ്യൂറോ നിലപാടില്‍ വിദേശ സര്‍വകലാശാലയെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ആ നയം മാറാന്‍ സാധ്യതയില്ലെന്നും വിദേശ സര്‍വകലാശാല വിഷയത്തില്‍ കൂടുതല്‍ തുടര്‍ നടപടിയുണ്ടായേക്കില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

സിപിഐയുടെ വിയോജിപ്പും കൂടി പരിഗണിച്ചാണ് തീരുമാനം. നയപരമായി വിയോജിപ്പുണ്ടെന്ന് ബിനോയ് വിശ്വം, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അറിയിച്ചിരുന്നു. മുന്നണി ചര്‍ച്ച ചെയ്യാതെ നിര്‍ദേശം നടപ്പിലാക്കരുതെന്ന് സിപിഐ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

നിയമസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനിരിക്കെ കൂടിയാണ് തീരുമാനം. സംസ്ഥാന ബജറ്റില്‍ വിദേശ സര്‍വകലാശാല സംബന്ധിച്ച ധനമന്ത്രിയുടെ പ്രഖ്യാപനം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചര്‍ച്ചയ്ക്ക് ഇടയാക്കുന്ന തരത്തിലുള്ള നിര്‍ദേശമായി മാത്രമാണ് വിഷയം അവതരിപ്പിച്ചതെന്ന വിശദീകരണമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പാര്‍ട്ടിക്കകത്തും പുറത്തും നല്‍കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com