സിഎംആര്എല് - എക്സാലോജിക്ക് സാമ്പത്തിക ഇടപാട്; വീണാ വിജയന്റെ കമ്പനിക്ക് സമൻസ് അയച്ച് എസ്എഫ്ഐഒ

സമൻസ് ലഭിച്ചതിന് പിന്നാലെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് നീങ്ങിയത്.

dot image

കൊച്ചി: സിഎംആര്എല് - എക്സാലോജിക്ക് സാമ്പത്തിക ഇടപാടില് വീണ വിജയന്റെ എക്സാലോജിക്ക് കമ്പനിക്ക് സമൻസ് അയച്ച് എസ്എഫ്ഐഒ. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കാന് ആവശ്യപ്പെട്ടാണ് സമന്സ് അയച്ചിരിക്കുന്നത്. സിഎംആര്എല്ലില് പരിശോധന നടത്തിയപ്പോഴും കെഎസ്ഐഡിസിയില് പരിശോധന നടത്തിയപ്പോഴും എസ്എഫ്ഐഒ ഉദ്യോഗസ്ഥര് രേഖകള് ആവശ്യപ്പെട്ട് സമന്സ് അയച്ചിരുന്നു. കെഎസ്ഐഡിസിയിലെ പരിശോധന പൂര്ത്തിയായതിന് പിന്നാലെ എക്സാലോജികിനും സമാനമായ രീതിയില് എസ്എഫ്ഐഒ സമന്സ് അയച്ചു. സമൻസ് ലഭിച്ചതിന് പിന്നാലെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് നീങ്ങിയത്.

മണല് കമ്പനിയായ സിഎംആര്എല്ലില് നിന്നും അനധികൃതമായി പണം വാങ്ങി എന്ന കേസിലെ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കര്ണാടക ഹൈക്കോടതിയില് കഴിഞ്ഞ ദിവസം ഹര്ജി നല്കിയിരുന്നു. ഈ ഹര്ജി കര്ണാടക ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. രാവിലെ 10.30 ന് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചായിരിക്കും ഹര്ജി പരിഗണിക്കുക.

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നും ഇടക്കാല ഉത്തരവിലൂടെ എസ്എഫ്ഐഒയുടെ തുടര്നീക്കങ്ങള് സ്റ്റേ ചെയ്യണമെന്നുമാണ് ഹര്ജിയിലൂടെ എക്സാലോജിക് കമ്പനി ആവശ്യപ്പെടുന്നത്. അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള് ലഭ്യമാക്കണമെന്നും ഹര്ജിയിലൂടെ ആവശ്യപ്പെടുന്നുണ്ട്. എസ്എഫ്ഐഒ വീണാ വിജയനെ ചോദ്യം ചെയ്യാനിരിക്കെയാണ് എക്സാലോജിക്ക് കര്ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്ഐഒ, കേന്ദ്ര കോര്പ്പറേറ്റ് മന്ത്രാലയം എന്നിവരെ എതിര്കക്ഷികളാക്കിയായിരുന്നു ഹര്ജി. കമ്പനി ആസ്ഥാനം ബെംഗളൂരുവില് ആയതിനാലാണ് കര്ണ്ണാടക ഹൈക്കോടതിയെ സമീപിച്ചത്.

സിഎംആര്എല്-എക്സാലോജിക് പണമിടപാട് അന്വേഷിക്കാന് ജനുവരി 31 നാണ് എസ്എഫ്ഐഒ അന്വേഷണ സംഘം രൂപീകരിച്ചത്. പിന്നാലെ സിഎംആര്എല് ഓഫീസിലും ഓഹരി പങ്കാളിയായ കെഎസ്ഐഡിസിയുടെ ഓഫീസിലുമെത്തിയ സംഘം അക്കൗണ്ട് വിവരങ്ങള് അടക്കമുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. എക്സാലോജിക്കില് പരിശോധന നടക്കാനിരിക്കെയാണ് ഹൈക്കോടതിയില് ഹര്ജിയെത്തിയത്. ബെംഗളൂരുവില് പ്രവര്ത്തിച്ചിരുന്ന കമ്പനി പ്രവര്ത്തനം അവസാനിപ്പിച്ചതിനാല് ഏക ഡയറക്ടറായ വീണാ വിജയനില് നിന്നുമാത്രമെ വിവരങ്ങള് ലഭിക്കുകയുള്ളൂ.

dot image
To advertise here,contact us
dot image