എന്‍കെ പ്രേമചന്ദ്രനെതിരെ സിപിഐഎം ആരെ ഇറക്കും?; കൊല്ലത്തെ ചിത്രം തെളിയുമ്പോള്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയാവും ഇത്തവണയും ജനവിധി തേടുക.
എന്‍കെ പ്രേമചന്ദ്രനെതിരെ സിപിഐഎം ആരെ ഇറക്കും?; കൊല്ലത്തെ ചിത്രം തെളിയുമ്പോള്‍

1957 മുതലുള്ള ലോകസഭാ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ എല്‍ഡിഎഫിനോടും യുഡിഎഫിനോടും ആര്‍എസ്പിയോടും ഒപ്പം നിന്നിട്ടുള്ള മണ്ഡലമാണ് കൊല്ലം. കഴിഞ്ഞ രണ്ട് തവണയും യുഡിഎഫിനൊപ്പം നിന്ന ആര്‍എസ്പിയെ ലോക്‌സഭയിലേക്ക് അയച്ച കൊല്ലം ഇത്തവണ ആര്‍ക്കൊപ്പമായിരിക്കും എന്നതിലാണ് ആകാംക്ഷ. തുടര്‍ച്ചയായി രണ്ട് തവണ ലോക്‌സഭയിലേക്ക് പോയ എന്‍ കെ പ്രേമചന്ദ്രനെ താഴെയിറക്കാന്‍ സിപിഐഎം ആരെയിറക്കുമെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു.

2014 ലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് എല്‍ഡിഎഫ് വിട്ടതാണ് ആര്‍എസ്പി. അന്ന് എം എ ബേബിയെയും 2019 ല്‍ കെ എന്‍ ബാലഗോപാലിനെയും പരാജയപ്പെടുത്തിയായിരുന്നു പ്രേമചന്ദ്രന്‍ ലോക്‌സഭയിലേക്കെത്തിയത്. 2016 ലെയും 2021 ലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മികച്ച വിജയം സിപിഐഎമ്മിന് ലഭിക്കുമ്പോള്‍ പാര്‍ലമെന്റ് മണ്ഡലം ഒപ്പമില്ലെന്ന നിരാശ മുന്നണിക്കുണ്ട്. ആ സാഹചര്യത്തില്‍ എന്ത് വിലകൊടുത്തും വിജയിക്കുക മാത്രമായിരിക്കും എല്‍ഡിഎഫിന് മുന്നിലുള്ള ലക്ഷ്യം.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയാവും ഇത്തവണയും ജനവിധി തേടുക. എംപിയെ നേരിടാന്‍ ജനകീയനായ ഒരാളെ പരീക്ഷിക്കാനാണ് സിപിഐഎം ഒരുങ്ങുന്നത്. മുകേഷ് എംഎല്‍എ, യുവജനകമ്മീഷന്‍ മുന്‍ അധ്യക്ഷ ചിന്ത ജെറോം, എം നൗഷാദ് എംഎല്‍എ എന്നിവരുടെ പേരുകളാണ് സിപിഐഎം പാളയത്തില്‍ നിന്നും പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ബിബി ഗോപകുമാര്‍, പ്രൊഫ. വി ടി രമ എന്നിവരും സാധ്യത പട്ടികയിലുണ്ട്.

എന്‍കെ പ്രേമചന്ദ്രനെതിരെ സിപിഐഎം ആരെ ഇറക്കും?; കൊല്ലത്തെ ചിത്രം തെളിയുമ്പോള്‍
ആറ്റിങ്ങലില്‍ അട്ടിമറി വീരന്‍ അടൂര്‍ പ്രകാശ് തന്നെ, എല്‍ഡിഎഫിന് ആര്, എന്‍ഡിഎ ആരെയിറക്കും

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ കുണ്ടറ ഒഴികെ എല്ലായിടത്തും ഇടത് എംഎല്‍എമാരാണ് എന്നതാണ് എല്‍ഡിഎഫ് മേല്‍കൈ ആയി കാണുന്നത്. ചാവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കൊല്ലം ലോകസഭാ തിരഞ്ഞെടുപ്പ്. 1957 ല്‍ ഇടതിനൊപ്പമായിരുന്നു മണ്ഡലം. 1962 ല്‍ ആര്‍എസ്പിയുടെ എന്‍ ശ്രീകണ്ഠന്‍ വിജയം നേടി. പിന്നീട് 1977 വരെ നടന്ന നാല് തിരഞ്ഞെടുപ്പിലും തുടര്‍ച്ചയായി എന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് തന്നെയായിരുന്നു വിജയം. 1980 ല്‍ കോണ്‍ഗ്രസിന്റെ ബികെ നായരും 1984 ല്‍ കോണ്‍ഗ്രസിന്റെ എസ് കൃഷ്ണകുമാറും വിജയിച്ചു. പിന്നീട് 1989 ലും 1991 ലും നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എസ് കൃഷ്ണകുമാറിലൂടെ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുകയായിരുന്നു. 1996 ലാണ് എന്‍കെ പ്രേമചന്ദ്രന്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. 1999 ല്‍ സിപിഐഎമ്മിന്റെ പി രാജേന്ദ്രന്‍ വിജയിച്ചു. പിന്നീട് 2009 ലാണ് പിതാംബരകുറുപ്പിലൂടെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. 2014ലും 2019 ലും ആര്‍എസ്പിയുടെ എന്‍ കെ പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

2014 ല്‍ മുപ്പത്തിയേഴായിരിത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച എന്‍കെ പ്രേമചന്ദ്രന്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ ഒന്നരലക്ഷത്തിനടുപ്പ് വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. ഷിബു ബേബി ജോണ്‍ സംസ്ഥാന സെക്രട്ടറിയായ ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പ് കൂടിയാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com