'ചരിത്ര സമരം'; രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമെന്ന് മുഖ്യമന്ത്രി

'അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. ഇന്ത്യന്‍ റിപ്പബ്ലക്കിലെ ചരിത്ര നിമിഷമാണിത്'
'ചരിത്ര സമരം'; രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രനയങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഡല്‍ഹി സമരം ആരംഭിച്ചു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. ഇന്ത്യന്‍ റിപ്പബ്ലക്കിലെ ചരിത്ര നിമിഷമാണിത്. വിവിധ മേഖലകളില്‍ കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല്‍ ഘടകങ്ങള്‍ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

ജനാധിപത്യ വിരുദ്ധമായാണ് സംസ്ഥാനങ്ങളോട് കേന്ദ്രം പെരുമാറുന്നത്. സംസ്ഥാനത്തിനുള്ള ഓഹരി പരിമിതപ്പെടുത്തുന്നു. ഓരോ ധനക്കമ്മീഷന്‍ കഴിയുമ്പോഴും കേരളത്തിന്റെ വിഹിതം കുറയുന്നു. നേട്ടത്തിന്റെ പേരില്‍ വിഹതം കുറയുന്നു. നേട്ടത്തിന് ശിക്ഷ, ലോകത്ത് ഒരിടത്തും കാണാത്ത രീതിയാണ്. വിവിധയിനങ്ങളില്‍ കേരളത്തിന് ലഭിക്കേണ്ട തുക വൈകിപ്പിക്കുകയാണ്. ബോധപൂര്‍വ്വം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് ശ്രമം.

ലൈഫ് മിഷന് വേണ്ടി 17,104 കോടി 87 ലക്ഷം രൂപയാണ് ചെലവായത്. വെറും 12.17 ശതമാനമാണ് കേന്ദ്രം നല്‍കിയത്. 2081 കോടിയാണ് കേന്ദ്രം നല്‍കിയത്. ബാക്കി 82.83 ശതമാനം തുക സംസ്ഥാനം വഹിച്ചു. വീട് ആരുടേയും ഔദാര്യമല്ലെന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ബോര്‍ഡ് വെച്ചില്ലെങ്കില്‍ ഗ്രാന്റ് അനുവദിക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

'കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കുകയാണ്. ബോധപൂര്‍വ്വം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനാണ് ശ്രമം. യൂണിയന്‍ സര്‍ക്കാര്‍ പിന്തുടര്‍ന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ അതേ രീതിയില്‍ പിന്തുടരാത്ത സംസ്ഥാനമാണ് കേരളം. അക്കാരണം കൊണ്ട് കേരളത്തെ അവഗണിക്കുന്നുവെന്ന് ജനങ്ങള്‍ കണക്കാക്കുന്നത്. തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ സമീപനമാണിത്. സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികളിന്മേല്‍ കേന്ദ്രം നിയന്ത്രണം കൊണ്ടുവരുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല.

യുക്തിരഹിതമായി പൊടുന്നനെ വരുത്തുന്ന വെട്ടിച്ചുരുക്കലുകള്‍ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രളയ സമയത്ത് നല്‍കിയ ഭക്ഷ്യ ധാന്യങ്ങളുടെ പണം വരെ പിടിച്ചുപറിച്ചു. ഇത്തരം ദുരന്തങ്ങള്‍ അടിക്കടിയുണ്ടാകുന്നതുകൊണ്ട് കേരളത്തില്‍ ഒരു കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. പക്ഷെ അതും കേന്ദ്രം നിഷേധിച്ചു. പ്രളയസമയത്ത് വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് കേരളത്തെ വിലക്കി. കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നും കേന്ദ്രം അംഗീകരിച്ചില്ല. എയിംസ്, കെ-റെയില്‍, ശബരീ പാത തുടങ്ങിയ ആവശ്യങ്ങള്‍ അടക്കം നിഷേധിച്ചു. കേരളത്തിന്റെ പദ്ധതികള്‍ നടപ്പാക്കാന്‍ അനുവദിക്കണം. ഇല്ലെങ്കില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യലും ഭരണഘടനാ വിരുദ്ധവുമാകും.

സാമൂഹ്യ സാമ്പത്തിക മേഖലകളിലെ നേട്ടങ്ങളുടെയും രാഷ്ട്രീയപരമായ വ്യത്യാസത്തിന്റെ പേരില്‍ കേരളത്തെ ശിക്ഷിക്കുകയാണ്. ഇതേഅനുഭവം എന്‍ഡിഎ ഇതര സംസ്ഥാന സര്‍ക്കാരുകളെല്ലാം നേരിടുകയാണ്. ഇതിനെ അതിജീവിക്കാന്‍ ഒരുമിച്ചുനില്‍ക്കണം. ഒരുമയെ തകര്‍ക്കാനാണ് ശ്രമം. ഫെഡറലിസത്തെ ശക്തിപ്പെടുത്തണം. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. ഇടക്കാല ബജറ്റില്‍ ഉള്‍പ്പടെ രാജ്യത്തെ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി ഒന്നും ചെയ്യില്ലെന്നാണ് കേന്ദ്രം പറഞ്ഞുവെക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വലിയ തോതില്‍ സഹായം നല്‍കുന്ന സംസ്ഥാനങ്ങളുടെ സ്ഥിതി പരിശോധിക്കുമ്പോള്‍, അവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം പുറകോട്ട് പോകുന്നതായി കാണാം. അര്‍ഹതപ്പെട്ടത് നേടിയെടുക്കാനുള്ള പോരാട്ടത്തിനൊപ്പം ജനങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കാനുള്ള നൂതന മാര്‍ഗങ്ങളും വേണം. മറ്റൊരു വഴിയും ഇല്ലാതെയാണ് സംസ്ഥാനം സമരത്തിലേക്ക് എത്തിയതെന്നും മുഖ്യമന്തി വ്യക്തമാക്കി.

'ചരിത്ര സമരം'; രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമെന്ന് മുഖ്യമന്ത്രി
ഫെഡറിലിസം സംരക്ഷിക്കണം; കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡല്‍ഹി പ്രതിഷേധം ആരംഭിച്ചു

പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയും രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. 'കേരളത്തിലെ ഗവര്‍ണര്‍ക്ക് കേരളത്തിലെ കാര്യങ്ങള്‍ നോക്കാന്‍ സമയമില്ല. മിക്കസമയങ്ങളിലും അദ്ദേഹം പുറത്താണ്. ഇന്നും ഡല്‍ഹിയിലുണ്ട്. കേരള ഹൗസിലെ ചിലര്‍ ചോദിച്ചു നിങ്ങളുടെ സമരത്തില്‍ പങ്കെടുക്കാനാണോ ഗവര്‍ണര്‍ വന്നതെന്ന്. കേരളത്തില്‍ വന്നാലും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ അദ്ദേഹത്തിന് സമയമില്ല. പക്ഷെ നടുറോഡില്‍ കുത്തിയിരുന്ന് ഒരു സീനുണ്ടാക്കാന്‍ അദ്ദേഹത്തിന് സമയമുണ്ട്', മുഖ്യമന്ത്രി പരിഹസിച്ചു. ഗവര്‍ണറെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഗവര്‍ണറെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നിട്ടും ഈ പ്രവര്‍ത്തനം ഗവര്‍ണര്‍ തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com