ശബരിമലയിൽ പോകാതെ മാലയൂരിയവർ കപടഭക്തർ, വ്യാജപ്രചരണങ്ങൾ നടന്നുവെന്നും ദേവസ്വംമന്ത്രി; സഭയിൽ ചർച്ച

ശബരിമലയിൽ സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് മന്ത്രി
ശബരിമലയിൽ പോകാതെ മാലയൂരിയവർ കപടഭക്തർ, വ്യാജപ്രചരണങ്ങൾ നടന്നുവെന്നും 
ദേവസ്വംമന്ത്രി; സഭയിൽ ചർച്ച

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ ശബരിമല വിവാദങ്ങൾക്ക് മറുപടി പറഞ്ഞ് മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണമുണ്ടായെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ ഉണ്ടായത് അഭൂതപൂർവമായ ഭക്തജനത്തിരക്കാണ്. തിരക്ക് നിയന്ത്രിക്കാൻ സർക്കാർ കൃത്യമായി ഇടപെട്ടു. ശബരിമലയെ തകർക്കാൻ ബോധപൂർവം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നു. സംഭവിക്കാത്ത കാര്യം സംഭവിച്ചു എന്ന് വരുത്തിത്തീർക്കാൻ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചു. ആന്ധ്രയിൽ നടന്ന അക്രമം ശബരിമലയിൽ നടന്നതെന്ന് വ്യാജമായി പ്രചരിപ്പിച്ചു. സൈബർ പൊലീസ്‌ നടപടി കടുപ്പിച്ചപ്പോൾ പ്രചാരണത്തിന് ശമനം ഉണ്ടായെന്നും കെ രാധാകൃ‍ഷ്ണൻ വ്യക്തമാക്കി.

ശബരിമലയിൽ കയറാനാകാതെ അയ്യപ്പഭക്തന്മാർക്ക്‌ പന്തളം ക്ഷേത്രത്തിൽ മാല ഊരേണ്ടിവന്നുവെന്ന് എം വിൻസന്റ് സഭയിൽ പറഞ്ഞു. യഥാർത്ഥ ഭക്തന്മാർ മാല ഊരി പോയിട്ടില്ലെന്നായിരുന്നു കെ രാധാകൃഷ്ണന്റെ മറുപടി. കപടഭക്തന്മാരാണ് അത് ചെയ്തത്. സന്നിധാനത്ത് നിന്ന് തിരിച്ചിറങ്ങിയ രണ്ടുമൂന്ന് പേരെ എടുത്താണ് ഇത് പ്രചരിപ്പിക്കുന്നത്. ശബരിമലയിൽ ബോധപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ശബരിമലയിൽ നിന്നുള്ള വരുമാനം വർധിച്ചിട്ടുണ്ട്. എന്നാൽ വരവ് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ല. ഇനിയും തുക എണ്ണാനുണ്ട്. 30കോടി രൂപയാണ് ഈ വ‍ർഷം ശബരിമലയ്ക്കായി ചെലവഴിച്ചത്. മറ്റ് വകുപ്പുകളും തുക പ്രത്യേകം ചെലവഴിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ ചില കോണുകളിൽ നിന്ന് വന്നു. വെള്ളവും ഭക്ഷണവും വേണമെന്ന് ആവശ്യപ്പെട്ട് ചിലർ സമരം ചെയ്യുന്നത് കണ്ടു. പക്ഷേ അവരുടെ മുദ്രാവാക്യം മുഖ്യമന്ത്രിക്ക് എതിരായിരുന്നു. അത്തരം സമരക്കാരുടെ ലക്ഷ്യം എന്തെന്ന് മനസ്സിലാക്കാമെന്നും കെ രാധാകൃഷ്ണൻ സഭയിൽ വിശദീകരിച്ചു.

ശബരിമല പ്രശ്നത്തിൽ രാഷ്ട്രീയ അജണ്ട ഉണ്ടോ എന്ന് പരിശോധിക്കാമെന്ന് പി സി വിഷ്ണുനാഥ്‌ പറഞ്ഞു. പക്ഷേ മൾട്ടി ലാംഗ്വേജ് തെറി കേൾക്കേണ്ടി വന്നു. പല സംസ്ഥാനത്തു നിന്ന് വന്നവർ അവരുടെ ഭാഷയിൽ സർക്കാരിനെ കുറ്റം പറഞ്ഞു. ഇങ്ങനെ കുറ്റം കേൾക്കുന്നത് സർക്കാരിന് നല്ലതല്ലെന്നുമായിരുന്നു പി സി വിഷ്ണുനാഥിന്റെ സഭയിലെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com