
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സ് കണ്ണൂർ ജില്ലയിൽ പുരോഗമിക്കുകയാണ്. നവംബർ 20ന് ആകെ 9805 പരാതികളാണ് ലഭിച്ചത്. പയ്യന്നൂർ മണ്ഡലത്തിലായി 20 കൗണ്ടറുകളിലായി 2554 പരാതികൾ ലഭിച്ചു. കല്ല്യാശ്ശേരി മണ്ഡലത്തിൽ നിന്ന് 2469 നിവേദനങ്ങളാണ് ലഭിച്ചത്. തളിപ്പറമ്പിൽ 10 കൗണ്ടറുകൾ വഴി 2289 പരാതികളും ഇരിക്കൂറിൽ 10 കൗണ്ടറുകളിലായി 2493 നിവേദനങ്ങളും ലഭിച്ചു.
കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് ഇന്നാണ് കണ്ണൂരിലെത്തിയത്. സിപിഐഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളിലൂടെയായിരുന്നു ഇന്നത്തെ നവകേരള സദസ്സിന്റെ പര്യടനം. പയ്യന്നൂരിലായിരുന്നു ആദ്യ പരിപാടി. വൻ ജനാവലിയെ സാക്ഷിയാക്കി മുഖ്യമന്ത്രി സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചു. കേന്ദ്ര സർക്കാർ കേരളത്തെ ഞെരുക്കുകയാണെന്ന ആരോപണവും ഉന്നയിച്ചു.
പയ്യന്നൂരിൽ നിന്ന് കല്ല്യാശ്ശേരി മണ്ഡലത്തിലേക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. കല്ല്യാശ്ശേരിയിലും പഴയങ്ങാടിയിലും പ്രതിഷേധങ്ങളും അക്രമങ്ങളുമുണ്ടായി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.
കരിങ്കൊടി കാണിച്ച മൂന്ന് പേരെയും ആറ് കെഎസ് യു പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത് കൂടുതൽ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും കാരണമായി. നാളെയും മറ്റന്നാളുമായി നവകേരള സദസ്സ് കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കും.