രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി നിയോഗിച്ച് ഔദ്യോഗിക പ്രഖ്യാപനം
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട്. അബിൻ വർക്കി വൈസ് പ്രസിഡൻ്റ്. ഇരുവരെയും ഭാരവാഹികളായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇറങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയിരുന്നു. തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, ഹരിതാ ബാബു എന്നിവരുമായുള്ള അഭിമുഖത്തിന് ശേഷമായിരുന്നു കേന്ദ്ര നേതൃത്വം രാഹുൽ മാങ്കൂട്ടത്തിനെ സംസ്ഥാന യൂത്ത് കോൺഗ്രസിൻ്റെ പ്രസിഡൻ്റായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഇറക്കിയത്.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് ഉൾപ്പെടെയുള്ളവരായിരുന്നു അഭിമുഖ പാനലിൽ ഉണ്ടായിരുന്നത്. യൂത്ത് കോൺഗ്രസിന്റെ ഭാവി പരിപാടികൾ, എങ്ങനെയൊക്കെ ആകും സംഘടനയെ നയിക്കുക തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു പ്രധാന ചർച്ച.രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗികമായി പദവി ഏറ്റെടുക്കുന്ന തിയതി രാഹുൽഗാന്ധി കേരളത്തിൽ എത്തുന്നത് നോക്കി ആകും തീയതി തീരുമാനിക്കുക.
അതേസമയം യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വിവാദങ്ങളിലും കൂടുതൽ പ്രതികരണത്തിന് ഇനി യൂത്ത് കോൺഗ്രസ് നേതാക്കൾ തയ്യാറാകില്ല. ഏത് അന്വേഷണം വന്നാലും അത് നേരിടാൻ തയ്യാറാണെന്നും ഭയമില്ലെന്നും ആണ് നേതൃത്വത്തിന് നിലപാട്.
നിലവിൽ ഉയർന്ന ആരോപണങ്ങളെ കുറിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രതികരണങ്ങൾ ആവശ്യമില്ലെന്നും കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് എതിരെ ഉയർന്ന ആരോപണങ്ങളും പരാതികളും ആരു വേണമെങ്കിലും അന്വേഷിക്കട്ടെ എന്നാണ് നിയുക്ത നേതൃത്വത്തിന്റെ നിലപാട്.