'കൊടും വംശഹത്യക്കെതിരായ 'ന്യുജെൻ' വികാരപ്രകടനം'; കളി കാര്യമാക്കിയ നിമിഷമെന്ന് ജലീൽ

മത്സരത്തിനിടെ ‘ഫ്രീ പാലസ്‌തീൻ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ട് ധരിച്ച ഒരാൾ പിച്ചിൽ അതിക്രമിച്ചു കയറി. വിരാട് കോലിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു.
'കൊടും വംശഹത്യക്കെതിരായ 'ന്യുജെൻ' വികാരപ്രകടനം'; കളി കാര്യമാക്കിയ നിമിഷമെന്ന് ജലീൽ

മലപ്പുറം: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരവേദി ഇന്നലെ ചില നാടകീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിനിടെ ‘ഫ്രീ പാലസ്‌തീൻ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ട് ധരിച്ച ഒരാൾ പിച്ചിൽ അതിക്രമിച്ചു കയറി വിരാട് കോലിയെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. സുരക്ഷാ വീഴ്ചയുടെ പേരിൽ ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തു.

ജോൺ എന്ന ഓസ്ട്രേലിയൻ യുവാവാണ് ഇയാളെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. കെ ടി ജലീൽ എംഎൽഎ. കൊടും വംശഹത്യക്കെതിരായ 'ന്യുജെൻ' വികാരപ്രകടനമെന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.

'ജോൺ സാമുവൽ എന്ന ഓസ്ട്രേലിയൻ ചെറുപ്പക്കാരൻ കളി കാര്യമാക്കിയ നിമിഷം! മതാതീതവും രാജ്യാതീതവുമായ ഐക്യദാർഢ്യം! മനുഷ്യരുടെ ചോരക്ക് ഒരേനിറമാണെന്ന ബോദ്ധ്യപ്പെടുത്തൽ! അവരുടെ കണ്ണുനീർ തുള്ളികൾക്ക് ഒരേവികാരമാണെന്ന ഓർമ്മപ്പെടുത്തൽ! മനുഷ്യരുടെ നിലവിളികൾക്ക് ഒരേ അർത്ഥമാണെന്ന പ്രഖ്യാപനം! കൊടും വംശഹത്യക്കെതിരായ 'ന്യുജെൻ' വികാരപ്രകടനം!'. കെ. ടി ജലീലിന്റെ കുറിപ്പ് ഇങ്ങനെ.

പിച്ചിൽ അതിക്രമിച്ച് കയറിയതിന് ജോണിനെ ചന്ദ്ഖേഡ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. പലസ്തീനിൽ ബോംബിടുന്നത് നിർത്തൂവെന്നും പലസ്തീനെ രക്ഷിക്കൂവെന്നും ഇയാൾ ധരിച്ചിരുന്ന ടീ ഷർട്ടിൽ എഴുതിയിരുന്നു. ഫീൽഡിൽ ഒരുതരത്തിലുള്ള രാഷ്ട്രീയ മുദ്രാവാക്യം പ്രദർശിപ്പിക്കുന്നതിനും ഐസിസി അനുവദിക്കില്ലെന്ന് മാത്രമല്ല കുറ്റകരവുമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com