പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവം; പരാതിയുമായി കുഫോസിലെ വിദ്യാർത്ഥിനികൾ

വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം
പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവം; പരാതിയുമായി കുഫോസിലെ വിദ്യാർത്ഥിനികൾ

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല(കുഫോസ്)യിലെ പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി വിദ്യാർത്ഥികൾ. ഹോസ്റ്റലിൽ സെക്യൂരിറ്റി ജീവനക്കാർ ഉണ്ടായിട്ടും പ്രതി ശുചിമുറിയിൽ ഒളിക്യാമറ വെച്ച് ഓടി രക്ഷപ്പെട്ടു. ക്യാമ്പസിൽ സുരക്ഷയില്ലെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. സിസിടിവി ക്യാമറ ഇടയ്ക്കിടക്ക് പരിശോധിക്കാറുണ്ടെന്നാണ് കോളേജ് അധികൃതർ പറയുന്നത്.

എന്നാൽ സിസിടിവി എലി കരണ്ട് കേടായിരുന്നുവെന്നും അധികൃതർ പരിശോധിക്കാറില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പെൺകുട്ടികൾ കോളേജ് അധികൃതർക്ക് പരാതി നൽകി. സിസിടിവി പുനഃസ്ഥാപിക്കുക, കൂടുതൽ സുരക്ഷ ഉറപ്പാക്കുക, പ്രതിയെ ഉടൻ കണ്ടുപിടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരാതി നൽകിയത്. ബുധനാഴ്ചയ്ക്കുള്ളിൽ കുട്ടികളുടെ ആവശ്യങ്ങൾ പരിഹരിക്കുമെന്ന് രജിസ്ട്രാർ ഇൻചാർജ് ഡോ. ഡെയ്‌സി സി കാപ്പൻ ഉറപ്പ് നൽകി. ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.

ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. കുളിമുറിയുടെ വെന്റിലേറ്ററിൽ ക്യാമറ ഓൺ ചെയ്തു വച്ച നിലയിൽ മൊബൈൽ ഫോൺ കണ്ട പെൺകുട്ടി ബഹളം വച്ചതോടെയാണ് ഒളിച്ചുനിൽക്കുകയായിരുന്ന ആൾ മൊബൈൽ ഫോൺ എടുത്ത് ഓടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത്‌ അന്വേഷിച്ചു വരികയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com