ലീഗിൻ്റെ ശക്തികേന്ദ്രത്തിലെ തലോടൽ മലബാറിലെ നവകേരള യാത്രയുടെ ദിശാസൂചനയോ?

കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും നിരവധി നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് നിർണ്ണായക ശക്തിയാണ്. അതിനാൽ തന്നെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ്സ് മലബാർ പിന്നിടുന്ന കാലയളവ് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിർണ്ണായകമാണ്
ലീഗിൻ്റെ ശക്തികേന്ദ്രത്തിലെ തലോടൽ മലബാറിലെ നവകേരള യാത്രയുടെ ദിശാസൂചനയോ?

ഉദ്ഘാടന പ്രസംഗത്തില്‍ യുഡിഎഫ്-കോണ്‍ഗ്രസ് നേതൃത്വങ്ങളെ വിമര്‍ശിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം ലീഗിനെ തള്ളി പറയാതിരുന്നത് ശ്രദ്ധേയമായി. നവകേരള സദസ്സിന്റെ മഞ്ചേശ്വരത്തെ ഉദ്ഘാടന വേദിയില്‍ സ്ഥലം എംഎല്‍എ എകെഎം അഷ്റഫ് സന്നിഹിതനായിരുന്നില്ല. വേദിയിലെ പ്രധാന നിരയിൽ മഞ്ചേശ്വരത്തെ നിയമസഭാംഗം ഉണ്ടാകേണ്ടതാണെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രി അവരുടെ അധ്യക്ഷതയിലാണ് സംഘാടക സമിതി ഉണ്ടാക്കേണ്ടതെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എംഎൽഎയുടെ പാർട്ടിയുടെ നേതൃത്വമല്ല പക്ഷേ യുഡിഎഫിൻ്റെ നേതൃത്വവും കോൺഗ്രസും സഹകരിക്കില്ലെന്ന് നിർബന്ധം പിടിച്ചുവെന്ന് പിണറായി വിജയൻ പ്രത്യേകം എടുത്ത് പറഞ്ഞത് ശ്രദ്ധേയമായി. മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എംഎൽഎ ചടങ്ങിൽ പങ്കെടുക്കാത്തത് മുസ്ലിം ലീഗിന് താൽപ്പര്യമില്ലാത്തതിനാലല്ല മറിച്ച് യുഡിഎഫ്-കോൺഗ്രസ് നേതൃത്വത്തിൻ്റെ നിർബന്ധം കൊണ്ടാണെന്ന് തന്നെയായിരുന്നു മുഖ്യമന്ത്രി പറയാതെ പറഞ്ഞത്.

സിപിഐഎം-മുസ്ലിം ലീഗ് സഹകരണം എന്ന ചർച്ച അന്തരീക്ഷത്തിൽ നിൽക്കുന്ന സാഹചര്യത്തിലാണ് നവകേരള യാത്ര മുസ്ലിം ലീഗിൻ്റെ ശക്തികേന്ദ്രമായ മഞ്ചേശ്വരത്ത് നിന്ന് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും  വള്ളിക്കുന്ന് എംഎൽഎയുമായ പി അബ്ദുൽ ഹമീദിനെ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയത് മുസ്ലിം ലീഗ്-സിപിഐഎം സഹകരണത്തിൻ്റെ പാലമായി വിലയിരുത്തപ്പെട്ടിരുന്നു. ആദ്യമായിട്ടായിരുന്നു യുഡിഎഫിൽ നിന്നുള്ള ഒരു എംഎൽഎ കേരള ബാങ്ക് ഭരണ സമിതി അംഗമാകുന്നത്. മുതിർന്ന സിപിഐഎം അംഗങ്ങളെ അടക്കം പരിഗണിക്കാതെയായിരുന്നു അബ്ദുൾ ഹമീദിന് പരിഗണന ലഭിച്ചത്. അബ്ദുൾ ഹമീദിനെ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയതിനെതിരെ മുസ്ലി ലീഗിലും തർക്കം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നവകേരള യാത്രയ്ക്ക് തുടക്കം കുറിച്ച മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ തള്ളിപ്പറയാതെ മുഖ്യമന്ത്രി കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തമായി വിമർശിച്ചത്.

നവകേരള സദസ്സ് വിജയിപ്പിക്കുന്നതിനായി ഓരോ നിയമസഭാ മണ്ഡലത്തിലും എംഎൽഎമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘാടക സമിതികളാണ് പ്രവർത്തിക്കുന്നത്. ഇതോടൊപ്പം തദ്ദേശസ്ഥാപന പ്രതിനിധികൾക്കും ചുമതല നൽകിയിട്ടുണ്ട്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് നവകേരള സദസ്സിൻ്റെ വിജയത്തിൽ നിർണ്ണായക പങ്കുണ്ട്. ആ നിലയിൽ വിലയിരുത്തുമ്പോൾ പൈവിളകയിൽ നടന്ന നവകേരള സദസ്സിൻ്റെ ഉദ്ഘാടന പരിപാടി തന്നെ വലിയ വിജയമായിരുന്നു എന്ന് വിലയിരുത്താം. മുസ്ലിം ലീഗിനും ബിജെപിക്കും പ്രാമുഖ്യമുള്ളതാണ് മഞ്ചേശ്വരത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ പുത്തിഗെ പഞ്ചായത്തിൽ മാത്രമാണ് സിപിഐഎമ്മിന് വ്യക്തമായ മേൽക്കൈ ഉള്ളത്. ഈയൊരു സാഹചര്യത്തിൽ പോലും നവകേരള സദസ്സിന് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ മികച്ച വിജയം ഉണ്ടാക്കിയെടുക്കാൻ സാധിച്ചത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിന് ആശങ്ക സമ്മാനിക്കുന്നുണ്ട്.

നവകേരള യാത്ര രണ്ടാം ദിവസത്തെ പ്രയാണത്തിന് തുടക്കം കുറിക്കാനിരിക്കുന്ന കാസർകോട് നിയമസഭാ മണ്ഡലത്തിലെയും സാഹചര്യം വ്യത്യസ്തമല്ല. കാസർകോട് മുൻസിപ്പാലിറ്റിയും ചെങ്ങള പഞ്ചായത്തുമെല്ലാം മുസ്ലിം ലീഗിൻ്റെ കോട്ടകളാണ്. അതിനാൽ തന്നെ കാസർകോട് നിയമസഭാ മണ്ഡലത്തിൽ നവകേരള സദസ്സിന് ലഭിക്കുന്ന സ്വീകാര്യത ശ്രദ്ധേയമാകും. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും നിരവധി നിയമസഭാ മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് നിർണ്ണായക ശക്തിയാണ്. അതിനാൽ തന്നെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ്സ് മലബാർ പിന്നിടുന്ന കാലയളവ് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് നിർണ്ണായകമാണ്. മലബാറിലെ പല നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തിൻ്റെ പ്രധാന രാഷ്ട്രീയ എതിരാളികൾ മുസ്ലിം ലീഗാണ്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് തന്നെയാണ് തുടർന്നും സ്വീകരിക്കുന്നതെങ്കിൽ മുസ്ലിം ലീഗ്-സിപിഐഎം സഹകരണമെന്ന വിവരണം യുഡിഎഫിനും കോൺഗ്രസിനും തലവേദനയാകുന്ന രാഷ്ട്രീയ വിഷയമായി മാറിയേക്കാം. നവകേരള യാത്ര സമാപിക്കുന്നതോടെ കേരളത്തിൻ്റെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റി മറിക്കുന്ന നിലയിലേയ്ക്ക് ഇത് പരുവപ്പെടുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com