
കോഴിക്കോട്: കോഴിക്കോട് സൈനബ കൊലപാതകക്കേസിൽ കൂട്ട് പ്രതി സുലൈമാൻ അറസ്റ്റിൽ. സൈബർ സെൽ സഹായത്തോടെ കസബ പൊലീസ് സേലത്ത് വെച്ച് പ്രതിയെ പിടികൂടിയത്. സൈബർ സെൽ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് സേലത്ത് എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുലൈമാനിലേക്ക് അന്വേഷണ സംഘം എത്തിയത്. പ്രതിയെ കോഴിക്കോട് കസബ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിൽ നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. സ്വർണാഭരണം തട്ടിയെടുക്കുന്നതിനായാണ് കൊലപാതകം എന്നാണ് ഒന്നാം പ്രതി നൽകിയ മൊഴി.
ഈ മാസം ഏഴിനാണ് കോഴിക്കോട് കുറ്റിക്കാട്ടൂര് സ്വദേശിനി സൈനബയെ കാണാതാവുന്നത്. എട്ടിന് കുടുംബം കോഴിക്കോട് കസബ സ്റ്റേഷനില് പരാതി നല്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി സമദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനബയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി നാടുകാണി ചുരത്തില് തള്ളിയതാനെന്ന് ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു.