കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗൻ ഒരു ആധാരത്തിൽ നിന്ന് എടുത്തത് 32 വായ്പ; ഈട് വച്ചത് 14 സെന്റ് ഭൂമി

ഭാസുരാംഗൻ എട്ട് വർഷത്തിനിടെ പല തവണയായി 3 കോടി 20 ലക്ഷം രൂപ വായ്പ എടുത്തത് 14 സെൻറ് വസ്തുവിൻറെ ഒരൊറ്റ ആധാരം വെച്ചാണ്
കണ്ടല ബാങ്ക് തട്ടിപ്പ്: ഭാസുരാംഗൻ ഒരു ആധാരത്തിൽ നിന്ന് എടുത്തത്  32 വായ്പ; ഈട് വച്ചത് 14 സെന്റ് ഭൂമി

തിരുവനന്തപുരം: സിപിഐ നേതാവ് എൻ ഭാസുരാംഗൻ പ്രസിഡണ്ടായ തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കിൽ ഒരൊറ്റ പ്രമാണം വെച്ച് നിരവധി വായ്പകൾ എടുത്തതിൻറെ തെളിവുകൾ റിപ്പോർട്ടറിന് ലഭിച്ചു. ഭാസുരാംഗൻ എട്ട് വർഷത്തിനിടെ പല തവണയായി 3 കോടി 20 ലക്ഷം രൂപ വായ്പ എടുത്തത് 14 സെൻറ് വസ്തുവിൻറെ ഒരൊറ്റ ആധാരം വെച്ചാണ്. ഭാസുരാംഗൻറെ മകൻ അഖിൽജിത്തിൻറെ പേരിൽ എടുത്ത വായ്പകളൊന്നും തിരിച്ചടയ്ക്കാതെ എട്ട് തവണയായി ഒരു കോടി രൂപയാണ് കണ്ടല ബാങ്കിൽ നിന്ന് വായ്പ എടുത്തത്.

എടുത്ത വായ്പകൾ തിരിച്ചടയ്ക്കാതെ അടുത്ത വായ്പ അതേ ആധാരത്തിൽ ഗഹാൻ ചെയ്ത് നൽകാൻ മാറനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലും ഒരു തടസ്സവുമുണ്ടായില്ല. ​ഗഹാൻ പതിച്ച് കൊടുക്കുക മാത്രമാണ് ചുമതലയെന്നാണ് സബ് രജിസ്ട്രാറുടെ പക്ഷം. ഭാസുരാംഗന്റെ വസ്തുവിൻറെ ബാധ്യതാ സർട്ടിഫിക്കറ്റിൻറെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. റിപ്പോർട്ടർ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷണം തുടരുകയാണ്.

സഹകരണ വകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സഹകരണ ബാങ്കിൽ ഒരൊറ്റ ഈട് വെച്ച് നിരവധി വായ്പകളാണ് നൽകിയത്. ബാങ്ക് പ്രസിഡണ്ടും സിപിഐ നേതാവുമായ എൻ ഭാസുരാംഗൻറെ അടുപ്പക്കാരും പരിചയക്കാരുമാണെങ്കിൽ ഭൂമിയുടെ മാർക്കറ്റ് വില പോലും നൽകാതെ ഒരു ആധാരത്തിൽ പലതവണയായി വായ്പകൾ നൽകി. 2013 മുതൽ 2017 വരെ മകൻ അഖിൽജിത്തിൻറെ പേരിൽ 8 തവണകളായി ഒരു കോടി രൂപയാണ് വായ്പയായി നൽകിയത്. മുമ്പ് എടുത്ത വായ്പകളൊന്നും അടക്കാതെയായിരുന്നു ഇത്.

മകളുടെയും മരുമകളുടെയും അടുത്ത ബന്ധുക്കളുടെയും അടക്കം 12 പേരുടെ പേരിൽ ഇങ്ങനെ ആകെ മൂന്ന് കോടി 20 ലക്ഷം രൂപ എടുത്തു. ഇതിൽ മൂന്നിലൊന്ന് പോലും ഇതുവരെ തിരിച്ചടച്ചില്ല. എങ്ങനെയാണ് വായ്പ തിരിച്ചടക്കാതെ അതേ പ്രമാണത്തിൽ വീണ്ടും വായ്പ കൊടുക്കുന്നതെന്ന ചോദ്യത്തിന് ബാങ്ക് ജീവനക്കാർ കൈമലർത്തുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com