മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; അലൻസിയറിനെതിര കേസെടുത്ത് വനിതാ കമ്മീഷൻ

സംഭവത്തെക്കുറിച്ച് റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു
മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവം; അലൻസിയറിനെതിര കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിയറിനെതിരെ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. സംഭവത്തെക്കുറിച്ച് റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് പ്രഗത്ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്നും സതീദേവി പറഞ്ഞു.

വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് ഉചിതമായില്ല. ഈ സംഭവത്തിനു ശേഷം തനിക്കു പറ്റിയ അബദ്ധം തിരുത്തുമെന്നാണ് കേരളത്തിലുള്ള മുഴുവന്‍ ആളുകളും പ്രതീക്ഷിച്ചത്. എന്നാല്‍, അത് ഉണ്ടായില്ലെന്നു മാത്രമല്ല, പിന്നീട് അഭിമുഖം നടത്തുന്നതിന് എത്തിയ മാധ്യമ പ്രവര്‍ത്തകയോട് തികച്ചും മ്ലേച്ഛമായിട്ടുള്ള പദപ്രയോഗത്തിലൂടെയാണ് അലന്‍സിയര്‍ സംസാരിച്ചത്.

ചാനല്‍ പ്രവര്‍ത്തകയായ പെണ്‍കുട്ടിയോട് ഇത്തരത്തില്‍ അവഹേളിച്ചു കൊണ്ട് സംസാരിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ അലന്‍സിയറിനെതിരെ തിരുവനന്തപുരം റൂറല്‍ എസ്പി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com