'ജാതി വിവേചനം വ്യക്തിയുടെ ജീർണ മനസിന്റെ ബഹിർസ്ഫുരണം'; വിമർശനവുമായി ടി ഐ മധുസൂദനൻ

'ഒരു തരത്തിലും അം​ഗീകരിക്കാൻ പറ്റാത്ത കാര്യം, പയ്യന്നൂരിൽ ഇങ്ങനെയൊരു സംഭവമുണ്ടായതിൽ വളരെയധികം വിഷമമുണ്ടാക്കി'
'ജാതി വിവേചനം വ്യക്തിയുടെ ജീർണ മനസിന്റെ ബഹിർസ്ഫുരണം'; വിമർശനവുമായി ടി ഐ മധുസൂദനൻ

കൊച്ചി: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെയുളള ജാതി വിവേചനത്തിൽ വിമർശനവുമായി പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ. വ്യക്തിയുടെ ജീർണ മനസിന്റെ ബഹിർസ്ഫുരണമാണ് അവിടെ കണ്ടത്. പയ്യന്നൂരിൽ ഇങ്ങനെ ഉണ്ടായി എന്നത് വിഷമകരമാണ്. സംഭവത്തിൽ കടുത്ത അതൃപ്തി ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്നും സംഭവം ന‌ടക്കുമ്പോൾ മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ടി ഐ മധുസൂദനൻ പറഞ്ഞു.

'വിളക്ക് കൊണ്ടുവന്നിട്ട് മുഖ്യശാന്തിക്കാരൻ അത് കത്തിക്കുന്നു. കീഴ് ശാന്തിക്കാരനും കത്തിച്ച ശേഷം വിളക്ക് താഴെവച്ച് തിരിച്ചുപോകുന്നു. പിന്നീട് ഞങ്ങൾ അത് കത്തിക്കേണ്ട കാര്യമില്ലെന്ന് തോന്നിയതിനാൽ അവിടുന്ന് പോയി. അതിന് പിന്നിൽ ഇങ്ങനെയൊരു മനോഭാവം ഉണ്ട് എന്ന് ബോധ്യപ്പെട്ടു. അവിടെ ഉണ്ടായിരുന്ന ഉദ്യോ​ഗസ്ഥരാണ് പിന്നീട് വിളക്ക് എടുത്ത് കത്തിച്ചത്. പയ്യന്നൂരിൽ ഇങ്ങനെയൊരു സംഭവമുണ്ടായതിൽ വളരെയധികം വിഷമമുണ്ടാക്കി. ക്ഷേത്ര കമ്മിറ്റിക്കാരോട് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്,' ടി ഐ മധുസൂദനൻ എംഎൽഎ പറഞ്ഞു.

ഇത്രയും വളർന്ന നാട്ടിൽ ഇങ്ങനെയുള്ള മനസ് ഉണ്ടായി എന്ന് മനസ്സിലായി. വ്യക്തിയുടെ അപക്വമായ നിലപാടിൽ നിന്ന് ആണ് ഇത്തരമൊരു സംഭവമുണ്ടായത്. അയിത്തത്തിന്റെ ഒരു അംശവും പയ്യന്നൂരിന്റെ പൊതുമനസ്സിൽ ഇല്ല എന്നതാണ് സവിശേഷമായിട്ടുളള കാര്യം. ഒരു തരത്തിലും അം​ഗീകരിക്കാൻ പറ്റാത്ത കാര്യമാണ് നടന്നതെന്നും ടി ഐ മധുസൂദനൻ എംഎൽഎ കൂട്ടിച്ചേർത്തു.

ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് മന്ത്രി ജാതി വിവേചനം നേരിട്ട‌ത്. ജാതിയുടെ പേരിൽ താൻ മാറ്റിനിർത്തപ്പെട്ടുവെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നു. പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.

'ഞാനൊരു ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് പോയി. അവിടെ ഒരു ഉദ്ഘാടന ചടങ്ങിൽ മുഖ്യ പൂജാരി വിളക്ക് വച്ചു. വിളക്ക് കത്തിക്കാൻ എന്റെ നേർക്കുകൊണ്ടുവരികയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, എന്റെ കൈയിൽ തരാതെ സ്വന്തമായി കത്തിച്ചു. ആചാരമായിരിക്കും അതിനെ തൊട്ടുകളിക്കേണ്ടെന്നു കരുതി ഞാൻ മാറിനിന്നു. പിന്നീട് സഹപൂജാരിക്ക് അദ്ദേഹം വിളക്ക് കൈമാറി. അദ്ദേഹം കത്തിച്ചപ്പോഴും എനിക്ക് തരുമെന്നാണ് കരുതിയത്. എന്നാൽ എനിക്കു തരാതെ അതു നിലത്ത് വച്ചു.

അതെടുത്ത് കത്തിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീട് പോയി പണിനോക്കാൻ പറഞ്ഞെന്നു മാത്രമല്ല, ആ വേദിയിൽ വച്ചു തന്നെ അതിനെതിരെ പ്രസംഗിക്കുകയും ചെയ്തു. ഞാൻ തരുന്ന പൈസക്ക് നിങ്ങൾക്ക് അയിത്തമില്ല. എനിക്ക് അയിത്തം കൽപിക്കുന്നു,' മന്ത്രി പറഞ്ഞു.

ഏത് പാവപ്പെട്ടവൻ കൊടുക്കുന്ന പൈസക്കും അയിത്തമില്ല. നമുക്ക് അയിത്തമുണ്ട്. പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഇത് തുറന്നടിച്ചെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞിരുന്നു. കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com