
തിരുവനന്തപുരം: നിപ കേസുകൾ കുറയുന്നത് ആശ്വാസകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോർട്ടറിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. നിപയെ പ്രതിരോധിക്കാൻ എല്ലാവരും ഒരുമിച്ച് നിന്നു. പരിഭ്രാന്തി ഉണ്ടാകേണ്ട പ്രശ്നമില്ലെന്ന് തുടക്കത്തിലെ സർക്കാർ സൂചിപ്പിച്ചിരുന്നു. പക്ഷേ ജാഗ്രതയോടെ കാണണം. പാളിച്ചകളില്ലാതെ ഇതുവരെ കാര്യങ്ങൾ ചെയ്യാൻ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡും നിപയും തമ്മിൽ വ്യത്യാസമുണ്ട്. കൊവിഡിന് വ്യാപനം കൂടുതലാണ്. നിപയ്ക്ക് മരണനിരക്കാണ് കൂടുതൽ. കൊവിഡ് 2-3 ശതമാനമാണ് മരണനിരക്ക്. നിപ 40 ശതമാനത്തോളം മരണനിരക്കുണ്ട്. നിപ ഉണ്ടായ സമയത്ത് തന്നെ സർക്കാർ ഇടപെട്ടു. സർവ്വകക്ഷി യോഗത്തിൽ എല്ലാവരും പരിപൂർണ പിന്തുണ അറിയിച്ചു. നിയന്ത്രണങ്ങൾ ജനം സ്വീകരിച്ചതായും മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികളുടെ ക്ലാസ് ഓൺലൈനാക്കാൻ തീരുമാനിച്ചപ്പോൾ തന്നെ വിദ്യാഭ്യാസ മന്ത്രി യോജിപ്പ് അറിയിച്ചു. കണ്ടെയിൻമെൻ്റ് സോണുകളിൽ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി. കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിച്ചു. ജനങ്ങളുമായി സംസാരിച്ചപ്പോൾ ഭയം കുറവായിരുന്നു. പൂർണമായും നിപ ഒഴിഞ്ഞെന്ന് പറയാറായിട്ടില്ല. എങ്കിലും ആശ്വാസമാണ്. ഇന്ന് അവലോകന യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.