ക്രമക്കേടുകൾ പരിഹരിക്കുകയാണ് മൂന്നാം സഹകരണ ഭേദഗതി ബില്ലിൻ്റെ ലക്ഷ്യം: മന്ത്രി വി എൻ വാസവൻ

കാലോചിതമായ പരിഷ്‌കാരം സഹകരണ മേഖലയ്ക്ക് ആവശ്യമാണ് എന്ന അഭിപ്രായം ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് ബില്‍ രൂപപ്പെടുത്തിയത്
ക്രമക്കേടുകൾ പരിഹരിക്കുകയാണ് മൂന്നാം സഹകരണ ഭേദഗതി ബില്ലിൻ്റെ ലക്ഷ്യം: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: ഡിസംബറില്‍ അവതരിപ്പിച്ച മൂന്നാം സഹകരണ ഭേദഗതി ബില്ലിന് വലിയ സ്വീകര്യത ലഭിച്ചെന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കഴിഞ്ഞ ദിവസം മൂന്നാം സഹകരണ ബില്‍ നിയമസഭ പാസാക്കിയ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സഹകരണ മേഖലയിലെ വളര്‍ച്ചയും സാധ്യതകളും നന്നായി പ്രയോജനപ്പെടുത്തുന്നതിനും, ഒറ്റപ്പെട്ടതെങ്കിലും ക്രമക്കേടുകള്‍ പരിഹരിച്ചു പോകാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനുമാണ് ബില്‍ കൊണ്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള സഹകരണ നിയമത്തിലെ 56 വ്യവസ്ഥകളാണ് ഭേദഗതിയായും കൂട്ടിച്ചേര്‍ക്കലായും ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കാലോചിതമായ പരിഷ്‌കാരം സഹകരണ മേഖലയ്ക്ക് ആവശ്യമാണ് എന്ന അഭിപ്രായം ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് ബില്‍ രൂപപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ദീര്‍ഘകാലമായി സഹകരണ മേഖലയില്‍ ചിലര്‍ എത്തുമ്പോള്‍ ക്രമക്കേടുകള്‍ സംഭവിക്കുന്നുണ്ട് എന്ന് മനസിലായി. ക്രെഡിറ്റ് സംഘങ്ങളില്‍ ഭരണസമിതി കാലപരിധി മൂന്ന് ടേം ആയി പരിമിതപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇനി മുതല്‍ കണ്‍കറന്റ് ഓഡിറ്റ് സംവിധാനം വേണ്ടെന്നുള്ള തീരുമാനം ചൂണ്ടിക്കാണിച്ച മന്ത്രി ടീം ഓഡിറ്റ് സംവിധാനം കൊണ്ടുവരുമെന്നും വ്യക്തമാക്കി. സ്ഥിരമായി ഒരു ഓഡിറ്റര്‍ എന്ന രീതി മാറ്റും. ക്രമക്കേടുകള്‍ കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

സംഘം ജീവനക്കാരുടെയും സഹകാരികളുടെയും ബാധ്യത എത്രയുണ്ടെന്ന് വാര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കണം. കുടുംബത്തില്‍ ഉള്ളവരും അടുത്ത ബന്ധുക്കളും സാമ്പത്തിക ബാധ്യത അറിയിക്കണം എന്നതാണ് പുതിയ നിയമത്തിലെ ശ്രദ്ധേയമായ ഭാഗമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. നിയമം അനുസരിച്ച് ചട്ടം ഉണ്ടാക്കാന്‍ ഏഴംഗ സമിതിയെ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

2022 ഡിസംബര്‍ 12ന് നിയമസഭയില്‍ അവതരിപ്പിച്ച മൂന്നാം ഭേദഗതി ബില്‍ നിയമസഭയുടെ സെലക്ട് കമ്മറ്റിക്ക് വിട്ടിരുന്നു. ഇതിന് പുറമെ 14 ജില്ലകളിലെ സഹകാരികളുടെയും പൊതുജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ക്കായി തെളിവെടുപ്പ് നടത്തിയിരുന്നു. സഹകരണ ജീവനക്കാര്‍, സഹകരണ അപെക്‌സ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, പ്രമുഖ സഹകാരികള്‍, നിയമവിദഗ്ധര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങളും ആരാഞ്ഞിരുന്നു. മറ്റുസംസ്ഥാനങ്ങളിലെ സഹകരണ നിയമങ്ങളിലെ വ്യവസ്ഥകള്‍ സെലക്ട് കമ്മറ്റി പരിശോധിച്ചിരുന്നു. മഹാരാഷ്ട്രയുടെ സഹകരണ നിയമം സംബന്ധിച്ചും സഹകരണമേഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ചും സെലക്ട്കമ്മറ്റി നേരിട്ട് മനസ്സിലാക്കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ ദിവസം നിയമസഭ സഹകരണ ഭേദഗതി ബില്‍ അംഗീകരിച്ചത്. സഹകരണ വകുപ്പ് മന്ത്രി അധ്യക്ഷനായ സെലക്ട് കമ്മറ്റിയില്‍ ഭരണപക്ഷ-പ്രതിപക്ഷ എംഎല്‍എമാര്‍ അടക്കം 15 അംഗങ്ങളാണുണ്ടായിരുന്നത്. 15 സിറ്റിങ്ങുകളാണ് സെലക്ട് കമ്മിറ്റി നടത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com